
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും വിശദമാക്കി. എകെ ആന്റണി രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ലെന്നും കോൺഗ്രസിലെ പ്രശ്നങ്ങൾ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘താൻ പറഞ്ഞതിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയതരു’മെന്നും ആയിരുന്നു പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിലാണെന്നും കൂട്ടിച്ചേർത്തു. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം. വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയൻ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങൾക്ക് ഒപ്പം നിന്ന ശക്തികൾ തൃശ്ശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമർശിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്. വോട്ട് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിച്ചത്.
വോട്ട് പോയത് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കല്യാശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞതും തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയതും കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുസ്ലീം ലീഗിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനമുന്നയിച്ചു. ഇതുവരെ ഇല്ലാത്ത രീതി മുസ്ലീംലീഗിന് ഉള്ളതായി കാണുന്നുണ്ട്. വിജയത്തിന്റെ മത്ത് പിടിച്ച നിലയിലാണ് അവർ. പട്ടിയെന്ന് വിളിക്കാതെ ഷംസുദ്ദീൻ പട്ടിയെന്ന് വിളിച്ചു. പ്രസ്താവന പിൻവലിച്ചങ്കിലും പറയേണ്ടത് പറയാതിരിക്കാൻ പറ്റില്ലല്ലോ. നാണവും ഉളുപ്പും ഉണ്ടോയെന്ന് ബഷീർ ചോദിച്ചു. ഇതുവരെ കാണാത്ത ഈ രീതി വിജയത്തിന്റെ മത്ത് തലക്ക് പിടിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. പരാജയ കാരണം പരിശോധിക്കുമെന്നും ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ആത്യന്തിക പരാജയം അല്ലെന്നും പറഞ്ഞു.
Last Updated Jun 11, 2024, 6:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]