
തിരുവനന്തപുരം: ഒരേ ബിവറേജസ് ഔട്ട്ലെറ്റിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്കല സ്വദേശി വിനേഷ് ആണ് പിടിയിലായത്. വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് വിനേഷിനെ പിടികൂടിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം. ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ മദ്യക്കുപ്പികളെടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ വെച്ച് കടന്നുകളയുകയുമായിരുന്നു. തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി. രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് കടന്നുകളഞ്ഞു. ഇതിനും ശേഷമാണ് മദ്യക്കുപ്പികൾ നഷ്ടമായ കാര്യം ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഇതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
ഇതിനിടെ മൂന്നാം തവണയും മോഷണം നടത്താനായി ഇയാൾ വീണ്ടും എത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ആളെ തിരിച്ചറിഞ്ഞ് കൈയോടെ പൊക്കി. പിന്നാലെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിനേഷിനെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.
Last Updated Jun 11, 2024, 12:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]