

First Published Jun 10, 2024, 9:37 PM IST
തൃശൂര്‍: ലേക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കെ മുരളീധരന്റെ പരാജയം പാർട്ടിക്കും ജില്ലയിലെ ജനാധിപത്യ ചേരിക്കും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുൻ എംഎല്‍എ അനില്‍ അക്കര. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് താനുൾപെടെ ആർക്കും മാറിനിൽക്കാനാവില്ല. അത് ഏറ്റടുക്കുന്നതിന് പകരം ഇനിയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് പാർട്ടിയെ ദുർബലപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
”തെരഞ്ഞെടുപ്പിൽ പാർട്ടിയാണ് തോറ്റതെങ്കിലും പരാജയപെടുമ്പോൾ ആ വ്യക്തിക്കുണ്ടാകുന്ന മനോവിഷമം എനിക്ക് ആരും പറഞ്ഞ് തരേണ്ടതില്ല അത് അനുഭവിച്ച ഒരാളാണല്ലോ ഞാനും. ഈ വിഷയത്തിൽ പക്വതയോടെയാണ് മുരളീധരൻ പ്രതികരിച്ചത് . ഒരു കാര്യം മനസിലാക്കണം, പരാജയപെട്ട ഈ സമയം ഇപ്പോൾ തെരുവിൽ കിടന്ന് തലതല്ലി പൊളിക്കാൻ നോക്കുന്നതിന് പകരം പരാജയം വിലയിരുത്തി ആ തെറ്റുകൾ തിരുത്തി പ്രവർത്തകർക്ക് അവന്റ മനസ്സിന് കോട്ടം തട്ടാതെ മുന്നോട്ട് പോകാൻ തൃശ്ശൂരിലെ മുഴുവൻ നേതാക്കളും ശ്രമിക്കണം.
എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം, എനിക്കെതിരായി ഒട്ടിക്കുന്ന പോസ്റ്റർ വായിക്കുന്നതിന് പകരം ഇനി വരാനിരിക്കുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും ചേർക്കുന്നതിലാണ് എന്റെ ശ്രദ്ധ. തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ച് നിർണ്ണായകമാണ്, പ്രവർത്തകർ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ അവരുടെ അവസരം നഷ്ടപെടുത്തുന്ന രീതിയിൽ നേതാക്കൾ പ്രവർത്തിക്കരുത്. ഇത്തവണ തെരഞ്ഞെടുപ്പിൽ എന്റെ വാർഡും വാർഡിലെ 145,146 നമ്പർ ബൂത്തും, അടാട്ട് പഞ്ചായത്തും, വടക്കാഞ്ചേരിയും ഒന്നാമതായി. ഇനിയും വൈകിയിട്ടില്ല തൃശ്ശൂരിനെ തിരിച്ച് പിടിക്കണം, നമുക്ക് ഒരുമിച്ച് നിൽക്കണം, ജില്ലയിലെ പാർട്ടി പ്രവർത്തനം ഏകോപിപ്പിക്കുന്നയത്തിനും പാർട്ടി പ്രവർത്തകരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തോടൊപ്പം ചേർന്ന് നിൽക്കണം” – അനില്‍ അക്കര പറഞ്ഞു.
”ഒരു കാര്യം നമ്മൾ ചിന്തിക്കണം ഇവിടെ പാർട്ടിയെ തകർക്കാൻ ചിലർ ഇറങ്ങി തിരിച്ചിട്ടുണ്ട്, പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നവരാണ് അവർ. ജില്ലയിലെ പാർട്ടിയെ തകർക്കലാണ് അവരുടെ ലക്ഷ്യം. ആ കെണിയിൽ നമ്മൾ വീഴരുത്. ഇവർക്ക് പലപ്പോഴും പലരേയും പറ്റിക്കാം എന്നാൽ എല്ലാ കാലവും അതിന് കഴിയില്ല. കാലം അത് തെളിയിച്ചിട്ടുണ്ട്. നമുക്ക് എത്ര ജോലികൾ ഇനിയും ബാക്കിയുണ്ട്. കരുവന്നൂരിലെ സിപിഎം കൊള്ളക്കാരെ ജയിലിലടക്കണം.
സിപിഎം- ബിജെപി ഡീൽ ഈ തെരഞ്ഞെടുപ്പിൽ എത്ര ബുദ്ധിപൂർവ്വമായാണ് അവർ നടപ്പിലാക്കിയത്. പാർട്ടി ശക്തികേന്ദ്രമായ അന്തിക്കാട് ബിജെപിക്കൊപ്പമായി. സിപിഎം ബിജെപി കൂട്ടുക്കെട്ട് ഇനിയും തുടരും. അത് തുറന്ന് കാട്ടാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. തകർന്ന് തരിപ്പണമായ തൃശ്ശൂരിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സമരം ചെയ്യണം. അങ്ങനെ എത്രയെത്ര കാര്യങ്ങൾ മുന്നിലുണ്ട്” – അനില്‍ കൂട്ടിച്ചേര്‍ത്തു.
Last Updated Jun 10, 2024, 9:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]