
രാജമാണിക്യം കഴിഞ്ഞപ്പോൾ ഒരു മോഹൻലാൽ പടമെടുക്കണമെന്ന് അൻവർ റഷീദിനോട് ആവശ്യപ്പെട്ടത് നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജുവാണ്. രാജമാണിക്യത്തിൻ്റെ റേഞ്ച് അറിയാമല്ലോ.. എല്ലാത്തരം പ്രേക്ഷകരെയും തിയേറ്ററുകളിലേയ്ക്ക് അടുപ്പിച്ച ഫാമിലി ഇമോഷൻസും മാസും ക്ലാസുമാണ്. അതുപോലൊന്നാണ് മോഹൻലാലിനായും ആവശ്യപ്പെടുന്നത്. ഛോട്ടാ ഛോട്ടാ മുംബൈ… എന്ന പാട്ടിൻ്റെ വരിയാണ് ലാലേട്ടൻ ആദ്യം കേൾക്കുന്നത്. കൊള്ളാമല്ലോ, കഥ കേൾക്കാമെന്നായി. മമ്മൂക്കയ്ക്ക് രാജമാണിക്യം കൊടുത്ത പോലെ അൻവർ ലാലേട്ടന് ഛോട്ടാ മുംബൈയും സമ്മാനിച്ചു.
എക്സെൻട്രിക്കായ എനർജെറ്റിക്കായ കഥാപാത്രങ്ങൾ. എല്ലാ ക്യാരക്ടേഴ്സിനും അനുയോജ്യമായ കാസ്റ്റ്. മോഹൻലാൽ മുതൽ ബിജുക്കുട്ടൻ വരെ എല്ലാവരും അവരവരുടെ ബെസ്റ്റ് നൽകിയുണ്ടാക്കിയ ഛോട്ടാ മുംബൈ.
സോഷ്യൽ മീഡിയ നടത്തിയിരിക്കുന്ന രസമുള്ളൊരു നിരീക്ഷണം നോക്കാം.. വില്ലത്തരത്തിൽ സ്പെഷ്യലൈസേഷനുള്ള നാലു പേരുണ്ട് സിനിമയിൽ. രാജൻ പി ദേവ്, വിജയരാഘവൻ, സിദ്ദിഖ്, സായികുമാർ. സായികുമാറിനെ നായകന്റെ ഗുസ്തിക്കാരൻ അപ്പനാക്കി. സിദ്ദിഖ് നായകന്റെ കൂട്ടുകാരൻ. രാജൻ പി ദേവ് ഫുൾ ടൈം തണ്ണി പാമ്പ് ചാക്കോ. വിജയരാഘവൻ സിനിമയിൽ മാതൃകാ പൊലീസ് ഓഫീസർ. അൻവർ റഷീദ് വില്ലനാക്കിയത് പലപ്പോഴും നായകനോ നന്മയുള്ള കഥാപാത്രങ്ങളെയോ അവതരിപ്പിച്ചിട്ടുള്ള കലാഭവൻ മണിയെ.
ഛോട്ടാ മുംബൈയിൽ അഭിനയിക്കുമ്പോൾ രാജൻ പി ദേവിന് കാഴ്ച നഷ്ടമായിരുന്നു. വെളുത്ത നിറമാണ് ആകെ തിരിച്ചറിയാനാകുന്നത്. ഡയലോഗ് പറയേണ്ടിടത്ത് വെള്ളതുണി വീശിക്കാണിക്കുമ്പോൾ ആ സ്ഥലത്തേയ്ക്ക് നോക്കി ഡയലോഗ് പറഞ്ഞാണ് അദ്ദേഹം പാമ്പ് ചാക്കോയെ അഭിനയിപ്പിച്ച് ഫലിപ്പിച്ചത്. രാജൻ പി ദേവിൻ്റെ കഥാപാത്രം സിനിമയിലുടനീളം ഗ്ലാസ് വച്ചിരിക്കുന്നത് നോട്ടത്തിലെ ഈ അപാകതകൾ തിരിച്ചറിയാതിരിക്കാൻ കുടിയാണ്. ഓർത്തിരിക്കാൻ ഒരുപാട് തന്നിട്ടുള്ള അദ്ദേഹത്തിൻ്റെ വ്യത്യസ്തമായൊരു കഥാപാത്രമായി പാമ്പ് ചാക്കോ.
വാസ്കോ ഡ ഗാമ എന്ന തല, മുള്ളൻ ചന്ദ്രപ്പൻ, പടക്കം ബഷീർ, തൊമ്മിച്ചൻ, സുശീലൻ, പറക്കും ലത, പാമ്പ് ചാക്കോ, ഫയൽവാൻ മൈക്കിൾ ആശാൻ, നടേശൻ, നടേശൻ്റെ അമ്മ, വാസൂട്ടൻ, സെബാട്ടി അങ്ങനെ വന്നതും നിന്നതും പോയതുമായ സകലരും പേരു കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ഓടിവരും. സിനിമയിലെ കഥാപാത്രങ്ങൾക്കോരോരുത്തർക്കും സ്വന്തമായി ഇൻട്രോ സീനുള്ള ഛോട്ടാ മുംബൈ പോലെ മറ്റൊരു സിനിമയുമില്ല. ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ അൻവർ റഷീദ് നൽകിയ കലക്കൻ ഇൻട്രോ സീനുകൾ ഉണ്ട് ഓരോ കഥാപാത്രങ്ങൾക്കും.
രാഹുൽ രാജിനെ മലയാള സിനിമയ്ക്ക് പരിജയപ്പെടുത്തിയതും ഛോട്ടാ മുംബൈ ആണ്. പരസ്യ രംഗത്ത് സ്ട്രഗിളിങ് മ്യൂസിക് കമ്പോസർ ആയിരുന്ന രാഹുലിന് ഛോട്ടാ മുംബൈയിലൂടെ സിനിമയിലേയ്ക്ക് എൻട്രി കിട്ടിയെന്ന് മാത്രമല്ല പ്രേക്ഷകരുടെ നാവിൻ തുമ്പിൽ നിന്നു പോയിട്ടേയില്ലാത്ത പാട്ടുകൾകൊണ്ട് സ്വയം അടയാളപ്പെടുത്തുക കൂടിചെയ്തു. വാസ്കോഡ ഗാമ വെൻ്റ് ടു ദി ഡ്രാമയും ഛോട്ടാ ഛോട്ടാ മുംബൈയും ചെട്ടിക്കുളങ്ങര ഭരണിനാളിലും തലാ… എന്ന് തുടങ്ങുന്ന പാട്ടും തിയേറ്ററുകളെ പൂരപ്പറമ്പാക്കിയപ്പോൾ പൂ നിലാ മഴ നനയും പലർക്കും ഓൾ ടൈം ഫേവറേറ്റ് ആയ ഫസ്റ്റ് ക്ലാസ് മെലഡിയാണ്.
എല്ലാ ചേരുവകളും ഒത്തു ചേർന്ന് നല്ലൊരു സദ്യ കഴിച്ചാൽ എങ്ങനെ ഇരിക്കും.. അതുപോലൊരു സിനിമാ അനുഭവം. ക്ലീൻ എന്റർടെയ്നർ.. എപ്പോൾ കണ്ടാലും ആസ്വദിച്ചു കാണാൻ സാധിക്കുന്ന നിലവാരം ഉള്ള തമാശകളും കൗണ്ടറുകളും. തിയേറ്ററിലും പുറത്തും ഒളമുണ്ടാക്കുന്ന തരം പാട്ടുകൾ.. 2007ൽ ബോക്സ് ഓഫീസ് തകർത്ത ചിത്രം എമ്പുരാനും തുടരുവും നിർത്തുന്നിടത്തു നിന്ന് തുടങ്ങാനാകണം മെയ് 21ന് ലാലേട്ടൻ്റെ പിറന്നാൾ ദിനത്തിൽ റീ റിലീസിനെത്തുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച എന്റർടെയ്നർ ചിത്രം. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.തലയുടെയും പിള്ളേരുടെയും അഴിഞ്ഞാട്ടം കാണാൻ കൊച്ചിയിലെ ആ തരികിട ഗാങ്ങിനെ തിയേറ്ററിൽ ആഘോഷിക്കാൻ ഇനി ദിവസങ്ങളുടെ ദൂരം മാത്രം.