
ഹൈദരാബാദ്: മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കൾട്ട് ക്ലാസിക് ഫാന്റസി എന്റർടെയ്നറായ ജഗദേക്ക വീരുഡു അതിലോക സുന്ദരി രണ്ടാം വരവിലും മികച്ച പ്രതികരണം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആദ്യ റിലീസിന് ശേഷം 35 വർഷങ്ങൾക്ക് ശേഷം മെയ് 10നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ സൂപ്പര്‍ഹിറ്റ് ചിത്രം റിലീസ് ചെയ്തത്. ഇതിഹാസ താരം ശ്രീദേവി നായികയായ ചിത്രം സംവിധാനം ചെയ്തത് കെ രാഘവേന്ദ്ര റാവു ആണ്.
ഈ ചിത്രം ആദ്യം റിലീസായപ്പോള്‍ ആന്ധ്രാപ്രദേശിൽ വന്‍ നാശം വിതച്ച ചുഴലിക്കാറ്റ് ദുരന്തത്തെ മുഖാമുഖം കാണുന്ന അവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ ആ വലിയ ഭീഷണിയിലും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജെവിഎഎസ് എന്ന് ചുരുക്കി വിളിക്കുന്ന ചിത്രം ടോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റായി ഉയർന്നു.
അതിശയകരമായ കാര്യം 35 വർഷങ്ങൾക്ക് ശേഷവും ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലായിടത്തും അതിശയകരമായ പ്രേക്ഷക തിരക്ക് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കള്‍ട്ട് ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനുകളിൽ കാണാൻ കുടുംബങ്ങൾ ഒഴുകിയെത്തിയെന്നാണ് 123 തെലുങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
വൈജയന്തി മൂവീസിന്റെ കീഴിൽ അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വീണ്ടും റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 1.75 കോടി രൂപ ഗ്രോസ് നേടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രം റി റിലീസില്‍ നേടുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അടുത്തകാലത്തെ വന്‍ ഫ്ലോപ്പുകള്‍ വച്ച് നോക്കുമ്പോള്‍ ഈ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ചിത്രം നേടുന്ന നേട്ടം അപ്രതീക്ഷിതമാണ്.
വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഘവേന്ദ്ര റാവുവും ജന്ധ്യാലയും ചേർന്നാണ് ജഗദേക്ക വീരുഡു അതിലോക സുന്ദരി തിരക്കഥ എഴുതിയത്. ചിരഞ്ജീവി ശ്രീദേവി എന്നിവര്‍ക്ക് പുറമേ അമരീഷ് പുരി, പ്രഭാകർ, അല്ലു രാമലിംഗയ്യ, റാമി റെഡ്ഡി എന്നിവരും പ്രധാന വേഷത്തില്‍ എത്തി. ഇളയരാജയാണ് സംഗീതം ഒരുക്കിയത്.
രാജു എന്ന ഗൈഡും ദേവരാജാവായ ഇന്ദ്രന് പുത്രിയായ ഇന്ദ്രജയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥ. ഫാന്റസിയും, ആക്ഷനും, പ്രേമവും എല്ലാം ചേര്‍ന്ന ചിത്രം വലിയ ട്രെന്റ് സെറ്റര്‍ തന്നെയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]