
ഗോരഖ്പൂർ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തന്നെ ‘തടിയനെന്ന്’ വിളിച്ചവരെ യുവാവും സുഹൃത്തും പിന്തുടർന്ന് വെടിവെച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഖജ്നി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും യുവാവ് പിടിയിലാവുകയും ചെയ്തു. ബെൽഗാത് സ്വദേശിയായ അർജുൻ ചൗഹാനാണ് അറസ്റ്റിലായത്.
ഏതാനും ദിവസം മുമ്പ് പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഒരു ബന്ധുവിനൊപ്പം അർജുൻ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ കണ്ടുമുട്ടിയ അനിൽ ചൗഹാൻ, ശുഭം ചൗഹാൻ എന്നിവർ യുവാവിന്റെ ശരീര ഭാരത്തെ കളിയാക്കുകയും തടിയനെന്ന് വിളിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
കുപിതനായ അർജുൻ തന്റെ സുഹൃത്തായ ആസിഫ് ഖാനെയും കൂട്ടി ഇരുവരെയും ദേശീയ പാതയിലൂടെ പിന്തുർന്നു. ആദ്യം ശ്രമം പരാജയപ്പെട്ടെങ്കിലും ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ച് കാർ തടഞ്ഞു നിർത്തി. ശേഷം രണ്ട് പേരെയും വലിച്ച് പുറത്തിറക്കി വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവം കണ്ടു നിൽക്കുകയായിരുന്ന നാട്ടുകാരാണ് ഇരുവരെയും ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ കിട്ടിയ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ശുഭം ചൗഹാന്റെ അച്ഛനാണ് സംഭവത്തിൽ പരാതി നൽകിയത്. തുടർന്ന് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]