
ആയിരക്കണക്കിന് വര്‍ഷങ്ങളായി കാട്ടാനകളെ വാരിക്കുഴിയില്‍ വീഴ്ത്തി പടികൂടി മെരുക്കി, ചട്ടം പഠിപ്പിച്ച് വളര്‍ത്തി നാട്ടാനകളാക്കി ചങ്ങലയ്ക്കിട്ട പാരമ്പര്യത്തില്‍ നിന്ന് കൊണ്ടാണ് നമ്മൾ ‘ആന പാപ്പാന്’ എന്ന് വാക്ക് കേൾക്കുന്നത്. അതിനാല്‍ തന്നെ തോട്ടിയും വടിയും കൈയിലേന്തി, ചുമലില്‍ ഒരു തോര്‍ത്തുമുണ്ടിട്ട് ആനയ്ക്കൊപ്പം നടക്കുന്ന ഒരു മനുഷ്യന്റെ രൂപമാകും നമ്മുടെ മനസിലേക്ക് ആദ്യമോടിയെത്തുക. എന്നാല്‍, ഇന്ത്യയ്ക്ക് പുറത്ത് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ആനപ്പാപ്പാന്മാരുടെ കൈയില്‍ വടിയോ തോട്ടിയോ ഉണ്ടാകില്ല. നമ്മുടെ പരമ്പരാഗത ആന പാപ്പാന് സങ്കല്പത്തിന് പുറത്താണ് അവരുടെ ആന പാപ്പന്മാര്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ അത്തരമൊരു ആനപ്പാപ്പാന്റെ വീഡിയോ വൈറലായി. ആ പാപ്പാന് ഒരു സ്ത്രീയായിരുന്നു, ലക് ചൈലർട്ട്. മഴ ചാറുമ്പോൾ രണ്ട് ആനകൾക്ക് നടുവില്‍ നിന്ന് തന്റെ മഴക്കോട്ട് ശരിയാക്കുകയായിരുന്നു അവര്‍. ആ ആനകൾ ചാബയും തോങ് എയുമാണെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമിലെഴുതി. തുറസായ സ്ഥലത്ത് പെട്ടെന്ന് ഇടിമിന്നലും മഴയും വന്നപ്പോൾ ചാബയും തോങ് എയും മഴ നനയാതെ തന്നെ ചേര്‍ത്ത് പിടിച്ചെന്നും തായ്ലന്ഡിലെ സേവ് എലിഫന്റ് ഫൌണ്ടേഷന്റെ സ്ഥാപക കൂടിയായ ലക് ചൈലർട്ട് എഴുതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനകളില്‍ താരത്മ്യന ചെറുതായിരുന്ന ഒരു ആന, ചാബ അവരെ തന്റെ കഴുത്തിന് താഴെ മഴയില്‍ നിന്നും സുരക്ഷിതമായി നിര്ത്തിയിരിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍, തന്റെ മഴക്കോട്ടിലെ ബട്ടന് യഥാവിധി ഇടുന്നതില്‍ അവർ പരാജയപ്പെടുന്നു. ഇത് ശരിയാക്കുന്നതിനിടെ ചാബ അവരെ തന്റെ തുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഈ സമയം ആനയ്ക്ക് അവരൊരു മുത്തം കൊടുക്കുന്നു. തിരിച്ച് തന്റെ തുമ്പിക്കൈകൊണ്ട് അവരുടെ ചുണ്ടുകളില്‍ ചാബ ചുമ്പിക്കുന്നത് കാണാം. ആനയുടെ കുസൃതി നിറഞ്ഞ സ്നേഹ പ്രകടനം ആരെയും ആകര്‍ഷിക്കാന്‍ പോകുന്നതായിരുന്നു. ‘വിഷമിക്കേണ്ട, എല്ലാം ശരിയാകും’ എന്ന് ചാബ പറയുന്നത് പോലെ തനിക്ക് തോന്നിയെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമിലെഴുതി. ഈ അവസരത്തില്‍ സ്നേഹം പ്രകടിപ്പിക്കാന്‍ തനിക്കും അവസരം തരണമെന്ന രീതിയില്‍ രണ്ടാമത്തെ ആന അവരെ തുമ്പിക്കൈ കൊണ്ട് ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതും പാപ്പാനെ നടുക്ക് നിർത്തി ആനകൾ രണ്ടും മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ആനകൾ വൈകാരിക ജീവികളാണെന്നും അവരുടെ സ്നേഹവും കരുതലും മനുഷ്യരോടുമുണ്ടെന്നും തന്റെ അനുഭവങ്ങളിൽ നിന്നും ലക് എഴുതി. അവർ ആരെയെങ്കിലും വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെങ്കിൽ, അവർ ആ വ്യക്തിയെ അവരിൽ ഒരാളായി കൂടെക്കൂട്ടം. മനുഷ്യരായ നമ്മുക്ക് മൃഗമായിട്ടല്ലാതെ ആനകളെ കാണാന്‍ കഴിഞ്ഞാല്‍ അവയുടെ സൌമ്യതയും ആത്മാര്‍ത്ഥയും സൌന്ദര്യവും നമ്മുക്ക് കാണാമെന്നും ലക് കൂട്ടിച്ചേര്‍ത്തു. ലകിന്റെ ആന സ്നേഹം നിറഞ്ഞ കുറിപ്പും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. ഏതാണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകൾ വീഡിയോ ലൈക്ക് ചെയ്തു. 33 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.