
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാന് ഖാന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടതായുള്ള പ്രചാരണം വ്യാജമെന്ന് പാകിസ്ഥാന്. ഇമ്രാന് ഖാന്റെ മരണ വാര്‍ത്ത വ്യാജമാണെന്നും ആളുകള്‍ തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പാക് വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇമ്രാന് ഖാന് മരണപ്പെട്ടതായുള്ള കത്തിനെ കുറിച്ച് പാകിസ്ഥാന് അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത് എന്ന അവകാശവാദത്തോടെ ശനിയാഴ്ച പാക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പ്രസ്താവനയിലാണ് ഇമ്രാന് ഖാന് മരണപ്പെട്ടതായി പറയുന്നത്. സംശയാസ്പദമായാണ് ഈ കത്തുണ്ടായിരുന്നത്. ഇമ്രാന് ഖാനെ ഐഎസ്ഐ വധിക്കുകയായിരുന്നു എന്ന തരത്തിലുള്ള അനേകം എക്സ് പോസ്റ്റുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാൻ ജയിലിൽ വച്ച് ലൈംഗിക പീഡനത്തിനിരയായതായി മറ്റൊരു വ്യാജ പ്രചാരണവും അടുത്തിടെ പാക് സാമൂഹ്യ മാധ്യമങ്ങളിലുണ്ടായിരുന്നു.
പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനുമായ ഇമ്രാന് ഖാന്റെ മോചനം ആവശ്യപ്പെട്ട് അദേഹത്തിന്റെ പാര്‍ട്ടി വെള്ളിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദീര്‍ഘകാലമായുള്ള തടങ്കല്‍ ഇമ്രാന്റെ ആരോഗ്യത്തെ ബാധിച്ചതായും, ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം കാരണത്താല്‍ അദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്നും അവകാശപ്പെട്ടായിരുന്നു കോടതിയെ പാര്‍ട്ടി സമീപിച്ചത്. ഇമ്രാന് ഖാന് കഴിയുന്ന അഡ്യാല ജയിലില്‍ ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പിടിഐ ആരോപിച്ചു. ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദേഹത്തിന്റെ അനുയായികൾ ലാഹോറില്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു.
പാകിസ്ഥാന്റെ 19-ാം പ്രധാനമന്ത്രിയായിരുന്ന ഇമ്രാന് ഖാന് 2018 ഓഗസ്റ്റ് മുതല്‍ 2022 ഏപ്രില്‍ വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. 2025 ജനുവരിയില്‍ ഇമ്രാൻ ഖാനെ അഴിമതി കേസിൽ 14 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് പാകിസ്ഥാൻ അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇമ്രാനൊപ്പം കേസിൽ പ്രതിയായ ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തോഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ജയിലിൽ കഴിയവേയാണ് പുതിയ അഴിമതി കേസിൽ കൂടി തടവ് ശിക്ഷ അദേഹത്തിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]