
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ച വിരാട് കോലിയെ അനുനയിപ്പിക്കാനും തീരുമാനം പിന്‍വലിപ്പിക്കാനുമുള്ള ശ്രമത്തിലാണിപ്പോള്‍ ബിസിസിഐ. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം കോലി മാറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് പെട്ടെന്നുള്ളള തീരുമാനത്തിലേക്ക് നയിച്ചതെന്ന ചോദ്യത്തിന് പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ചോദിച്ചുവെന്നും എന്നാല്‍ സെലക്ടര്‍മാരും കോച്ച് ഗൗതം ഗംഭീറും ഇതു നിരസിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.രോഹിത് ശര്‍മയെ ഇംഗ്ലണ്ടിനെതിരായ പരമ്പരില്‍ ക്യാപ്റ്റനാക്കില്ലെന്ന് സെലക്ടര്‍മാർ നേരത്തെ തീരുമാനമെടുത്തിരുന്നു. ഐപിഎല്ലിനിടെ രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭാവി കൂടി കണക്കിലെടുത്ത് യുവതാരങ്ങളിലൊരാളെ ഇന്ത്യൻ ക്യാപ്റ്റനാക്കാനായിരുന്നു സെലക്ടര്മാരുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും തീരുമാനം.
ജസ്പ്രീത് ബുമ്രക്ക് പരിക്ക് ഭീഷണിയായതിനാല്‍ ശുഭ്മാന്‍ ഗില്ലിനെയാണ് അടുത്ത നായകനായി സെലക്ടര്‍മാര്‍ കണ്ടുവെച്ചത്. എന്നാല്‍ 25കാരനായ ഗില്ലിന് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച് പരിചയമില്ലാത്തതും ഇംഗ്ലണ്ട് പരമ്പരപോലെ നിര്‍ണായകമായൊരു ടെസ്റ്റ് പരമ്പരയില്‍ തന്നെ ആദ്യമായി ക്യാപ്റ്റനാക്കുന്നതും സെലക്ടര്‍മാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനാവാന്‍ വിരാട് കോലി താല്പര്യം പ്രകടിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാപ്റ്റനായി ഗില്ലിന് മത്സര പരിചയം ആകുന്നതുവരെ പകരം ക്യാപ്റ്റവാവാമെന്നയിരുന്നു കോലിയുടെ നിര്‍ദേശം. ക്യാപ്റ്റനായിരുന്നപ്പോഴാണ് വിരാട് കോലി ബാറ്റിംഗിലും ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത് എന്നതിനാല്‍ ഒരു അവസാന ശ്രമമമെന്ന നിലയിൽ ക്യാപ്റ്റനായാലെങ്കിലും ടെസ്റ്റിലെ ബാറ്റിംഗ് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനും ടെസ്റ്റ് കരിയര്‍ നീട്ടിയെടുക്കാനും കഴിയുമോയെന്നും കോലി ചിന്തിച്ചിരിക്കാം. എന്നാല്‍ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിന് തുടക്കമാകുന്ന പരമ്പരയില്‍ താല്‍ക്കാലിക നായകനുമായി കളിക്കേണ്ട കാര്യമില്ലെന്നും ഭാവി കൂടി കണക്കിലെടുത്ത് സ്ഥിരം നായകനെ തെരഞ്ഞെടുക്കണമെന്നും കോച്ച് ഗൗതം ഗംഭീർ ശക്തമായ നിലപാടെടുത്തു. കഴിഞ്ഞ രണ്ട് പരമ്പരകളിലും ദയനീയ തോല്‍വി വഴങ്ങിയതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കൂടി തോല്‍ക്കുന്നത് വ്യക്തിപരമാായി തന്റെ സ്ഥാനത്തിനും ഭീഷണിയാണെന്ന തിരിച്ചറിവിലായിരുന്നു ഗംഭീര്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ നിര്‍ദേശത്തെ എിര്ത്തത്.
ക്യാപ്റ്റനായി ഫോം വീണ്ടെടുക്കാമെന്ന അവസാന പ്രതീക്ഷയും അവസാനിച്ചതോടെയാണ് കോലി വിരമിക്കല്‍ തീരുമാനത്തിലേക്ക് പെട്ടെന്ന് എത്തിയതെന്നാണ് സൂചന. എന്നാല്‍ ബിസിസിഐ അധികൃതർ കോലിയുടെ മനസ് മാറ്റാനുള്ള ശ്രമം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനും റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനുമാക്കുമെന്നും സൂചനകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]