
ദില്ലി: യുദ്ധഭീതിക്കിടെ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാൻ ലംഘിച്ചത്. പാകിസ്താന്റെ വഞ്ചന ശക്തമായി നേരിടാനാണ് സേനയ്ക്കുള്ള നിര്‍ദേശം. പാകിസ്ഥാന്റെ തുടര്‍ച്ചയായ പ്രകോപനം യുദ്ധപ്രഖ്യാപനമെന്ന നിര്‍ബന്ധിത സാഹചര്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമോ ? യുദ്ധ പ്രഖ്യാപനത്തിനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെയാണെന്നും എന്താണ് ഇന്ത്യയുടെ യുദ്ധനയമെന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ നിര്‍ണായകമാകുന്നത്.
പല ലോക രാജ്യങ്ങള്‍ക്കും യുദ്ധപ്രഖ്യാപനത്തിന് ഔപചാരിക നിയമങ്ങളുണ്ട്. എന്നാല്‍, ഇന്ത്യക്ക് ഇത്തരം ഒരു നിയമമില്ല. ഭരണഘടനാ വ്യവസ്ഥകള്‍, പാര്‍ലമെന്ററി മേല്‍നോട്ടം, എക്സിക്യൂട്ടീവ് അധികാരം എന്നിവയുടെ ഏകോപനത്തിലൂടെയാണ് ഇന്ത്യയിലെ യുദ്ധപ്രഖ്യാപനം. നിര്‍ണായക പ്രഖ്യാപനം നടത്താനുള്ള അധികാരം ഇന്ത്യയുടെ സര്‍വസൈന്യാധിപയായ രാഷ്ട്രപതിക്കാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രപതിയുടെ യുദ്ധപ്രഖ്യാപനം.
ഇതിനുള്ള നടപടിക്രമങ്ങള്‍ ഭരണഘടന വ്യക്തമായി വിശദീകരിക്കുന്നില്ലെങ്കിലും യുദ്ധ സമാന സാഹചര്യത്തിലാണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടത്. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം ,ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്നിവ കേന്ദ്രസര്‍ക്കാരിന് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കും. സൈനിക മേധാവികള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, നയതന്ത്ര ചാനലുകള്‍ എന്നിവയില്‍ നിന്നും വിവരങ്ങള്‍ തേടാം. ഈ തീരുമാനമാണ് ക്യാബിനറ്റ് രേഖാമൂലം രാഷ്ട്പതിയെ അറിയിക്കുന്നത്.
യുദ്ധം ആരംഭിച്ചുകഴിഞ്ഞാല്‍ മേല്‍നോട്ടത്തിലും ധനസഹായത്തിലും പാര്‍ലമെന്റിനാണ് മുഖ്യപങ്ക്. സൈനിക നടപടി നീണ്ടുപോയാല്‍ ഇക്കാര്യം പാര്‍ലമെന്റിനെ അറിയിക്കേണ്ടതും രാഷ്ട്രീയ സമവാക്യം ഉണ്ടാക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. രാഷ്ട്രപതിയുടെ യുദ്ധ പ്രഖ്യാപനമെന്ന തീരുമാനം ലോക്സഭയിലും രാജ്യസഭയിലും അംഗീകാരത്തിനായി സമര്‍പ്പിക്കുകയും വേണം. പാര്‍ലമെൻറ് അംഗീകരിച്ചാല്‍ ആറ് മാസത്തേക്ക് അടിയന്തിരാവസ്ഥ നിലവില്‍ വരും. രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും അടിയന്തരാവസ്ഥ പിന്‍വലിക്കാം. ഇതാണ് ഇന്ത്യയുടെ യുദ്ധ നയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]