
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മെമ്മറി കാർഡ് കാണാതായതിൽ ഇന്നലെ രാവിലെ മുതൽ പൊലീസിൻ്റെ നാടകീയ നീക്കങ്ങളാണ് നടന്നത്. കണ്ടക്ടർ സുബിനെ രാവിലെ വെമ്പായം കൊപ്പത്തെ വീട്ടിലെത്തി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുവന്നു. സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെ വിഴിഞ്ഞത്തെ വീട്ടിൽ നിന്നും പുലർച്ചെ പൊലീസെത്തി ചോദ്യം ചെയ്യാൻ കൊണ്ടുപോയി. ഇരുവരുടെയും ചോദ്യം ചെയ്യൽ തുടരുന്നിനിടെയാണ് ഡ്രൈവർ യദുവിനെയും പൊലീസ് വാഹനത്തിൽ വീട്ടിൽ നിന്ന് കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുവന്നത്.
വിവാദ സംഭവത്തിന് ശേഷം സുബിൻ ബസിൽ ഡ്രൈവർ സീറ്റിനടത്തേക്ക് പോകുന്നത് സാഫല്യം കോംപ്ളകിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. എന്നാൽ തനിക്ക് മെമ്മറി കാർഡിനെ കുറിച്ച് അറില്ലെന്നാണ് സുബിൻ്റെ മൊഴി. തർക്കമുണ്ടായതിന് പിന്നാലെ ബസ് തമ്പാനൂർ ടെർമിനലിൽ കൊണ്ടുവന്നപ്പോൾ ചുമതലയിലുണ്ടായിരുന്ന ആളാണ് ലാൽസജി. ബസിനടുത്തേക്ക് പോയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി. സംഭവ ദിവസം സ്റ്റേഷനിൽ നിന്ന് വിട്ടയച്ചശേഷം ബസിൽ കയറിയതിനെ കുറിച്ച് യദു പറഞ്ഞ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ടോടെ മൂന്ന് പേരെയും വിട്ടയച്ചു. മൊഴികൾ വിശദമായി പരിശോധിച്ച് യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Last Updated May 11, 2024, 12:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]