
കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 5.15ന് കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട IX371 വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. വിമാനം സര്‍വീസ് നടത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കുള്ള ഒരുക്കം നടത്തിയ യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയ നടപടി വലച്ചത്.
സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. കരിപ്പൂരിൽ നിന്നുള്ള ആറും കണ്ണൂരിൽ നിന്നുള്ള അഞ്ചും നെടുമ്പാശേരിയിൽ നിന്ന് രണ്ടും സർവീസുകൾ ഇന്നും റദ്ദാക്കിയിരുന്നു. കരിപ്പൂരിൽ നിന്ന് പുലർച്ചെ ദമാമിലേക്കും മസ്കറ്റിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെട്ടെങ്കിലും മറ്റ് ആറ് സർവീസുകൾ റദ്ദാക്കുകയായിരുന്നു.
റാസൽഖൈമ, ദുബൈ, കുവൈറ്റ്, ദോഹ, ബഹറൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ എട്ട് മുതൽ 10.10വരെയുള്ള സമയത്തായിരുന്നു ഈ സർവീസുകൾ. ഇന്ന് പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ റദ്ദാക്കിയത്. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദാക്കിയത്. നാലായിരത്തോളം പേരുടെ യാത്രയാണ് കണ്ണൂരിൽ മാത്രം ജീവനക്കാരുടെ സമരം കാരണം മുടങ്ങിയത്.
നെടുമ്പാശേരിയിൽ നിന്ന് രാവിലെ 8.35 ന് ദമാമിലേക്കും 8.50ന് മസ്കറ്റിലേക്കുള്ള രണ്ട് വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർക്ക് വിവരം നേരത്തെ കൈമാറിയിരുന്നതിനാൽ ആരും വിമാനത്താവളത്തിലെത്തിയില്ല. സർവീസുകൾ പൂർണമായും സാധാരണ ഗതിയിലാകാൻ തിങ്കളാഴ്ചയാകുമെന്നാണ് വിവരം. സമരം മൂലം വിമാനത്താവളങ്ങൾക്ക് കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്.
Last Updated May 10, 2024, 8:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]