
8:29 AM IST:
കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23),ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം. പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.
8:25 AM IST:
കരിപ്പൂരിൽ ഇന്ന് ഒരു സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. 08.25 നുള്ള കരിപ്പൂർ ദുബൈ സർവീസാണ് റദ്ദാക്കിയത്
8:24 AM IST:
കണ്ണൂർ ആറളം ഫാമിൽ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ. ആറാം ബ്ലോക്കിൽ കാട്ടാനകളെ തുരത്തുന്നതിനിടെ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിടിയാനയും കുട്ടിയുമാണ് വനംവകുപ്പിന്റെ ജീപ്പിന് നേരെ തിരിഞ്ഞത്. ജീപ്പിലുണ്ടായിരുന്നവർ ഒച്ചവെച്ചതോടെ കാട്ടാനകൾ പിന്തിരിഞ്ഞു
8:23 AM IST:
കൊച്ചി വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു കടത്ത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.
7:52 AM IST:
മദ്യനയക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ് ആദ്യം പോകുന്നത്. ഉച്ചക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും.ദില്ലി ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.
7:52 AM IST:
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന് യദു പറഞ്ഞ സമയങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
7:51 AM IST:
സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലെർട് ആണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലയിലും മഴ മുന്നറിയിപ്പ് നൽകി.