
ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിൽ 47കാരിയുടെ മൃതദേഹം: ഭർത്താവ് അറസ്റ്റിൽ; നിർണായകമായി ‘മൂക്കുത്തി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 15നാണ് സീമയുടെ മൃതദേഹം ഒരു അഴുക്കുചാലിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ചത് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. തെക്കൻ ഡൽഹിയിലെ ഒരു ജ്വല്ലറിയിൽനിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി.
ഗുരുഗ്രാം സ്വദേശിയായ വസ്തു ഇടപാടുകാരൻ അനിൽ കുമാറാണ് ഇതു വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അനിൽകുമാർ പറഞ്ഞത്. ഭാര്യ സീമ മൊബൈൽ ഫോൺ എടുക്കാതെ ഒരു ദൂരയാത്രയ്ക്കു പോയിരിക്കുകയാണെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു. ഇതാണ് പൊലീസിൽ സംശയം ഉണർത്തിയത്. തുടർന്ന് സീമയുടെ അമ്മയെ പൊലീസ് ബന്ധപ്പെട്ടു. മാർച്ച് 11നു ശേഷം സീമയുടെ വിവരമില്ലെന്ന് സീമയുടെ സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. സീമ ജയ്പുരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനിൽകുമാർ പറഞ്ഞതെന്നും അവർ പൊലീസിനോട് പറഞ്ഞു.
ഏപ്രിൽ 1ന്, കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ പൊലീസ് ഇവരെ വിളിപ്പിച്ചു. ഇതോടെയാണ് മരിച്ചത് സീമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഡൽഹിയിലെ ദ്വാരകയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അനിൽകുമാറിന്റെ സഹായിയായ ശിവശങ്കറും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചു വരുകയാണ്.