
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ മാരക ലഹരിയായ ടമാ സുലഭം. വിതരണം ചെയ്യാൻ ഇതര സംസ്ഥാനക്കാരുടെ ശൃംഖല. ഇടനിലക്കാർ കൊയ്യുന്നത് ലക്ഷങ്ങളാണ്. പെരുമ്പാവൂർ മേഖലയിലെ ലഹരി മരണങ്ങളിലും ടമ എന്ന പേരിൽ അറിയപ്പെടുന്ന ഹെറോയിന്റെ സാന്നിധ്യം ഏറുകയാണ്. എറണാകുളം പെരുമ്പാവൂരിൽ പട്ടാപകൽ പോലും അതിഥി തൊഴിലാളികൾക്കിടയിൽ സുലഭമാണ് ലഹരി. മാർക്കറ്റിലും റോഡരികിലുമെല്ലാം പച്ചക്കറിയും പലവ്യഞ്ജനവുമെത്തിക്കുന്നത് പോലെ ലഹരിയുമായി ഇടനിലക്കാരെ കാണാം. എന്നാൽ ഇടനിലക്കാരിലേക്ക് ലഹരിയെത്തിക്കുന്ന വമ്പൻ സ്രാവുകൾ ഇപ്പോഴും കാണാമറയത്താണ്. അവരിലേക്ക് എത്താനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. ടമ എന്ന പേരിൽ അതിഥി തൊഴിലാളികൾക്കിടയിൽ സജീവമായ മയക്കുമരുന്ന് ഹെറോയിൻ ആണെന്നാണ് കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനു വിശദമാക്കുന്നത്.
ഉച്ചവെയിലെത്തും മുൻപ് പലതവണ പെരുമ്പാവൂർ മാർക്കറ്റിലെത്തുകയായിരുന്നു അന്വേഷണത്തിനായി ആദ്യം ചെയ്തത്. സ്ഥിരം സന്ദർകരെന്ന് ഉറപ്പായതോടെ മലയാളി തന്നയെത്തി ഉപദേശവുമായി. ഇതൊന്നും അടിക്കല്ലെ മോനെ എന്നെ നോക്ക്, നിങ്ങൾ അന്വേഷിച്ചാൽ കിട്ടില്ല ഭായിമാർ തന്നെ ചോദിക്കണം എന്നായി പെരുമ്പാവൂർ മാർക്കറ്റിൽ വച്ചുകണ്ട മലയാളി വിശദമാക്കിയത്. അങ്ങനെയാണ് ഇതരസംസ്ഥാനക്കാർ ഏറെ താമസിക്കുന്ന കണ്ടത്തറ കോളനിയിലേക്ക് അഥവാ ഭായി കോളനിയിലേക്ക് എത്തുന്നത്. മൂന്നാറിലേക്ക് പോകും വഴി പെരുമ്പാവൂരിലെത്തിയെന്ന വ്യാജേന പലരെയും സമീപിച്ചു. ഒടുവിലാണ് ഇടനിലക്കാരനിലേക്ക് എത്തുന്നത്. സാധനം കാറിലെത്തിക്കാമെന്നായി ഇടനിലക്കാരൻ വിശദമാക്കിയത്. പകൽ വെളിച്ചത്തിൽ തന്നെ ഡപ്പിയിലാക്കിയ ടമ നൽകാനും ഇടനിലക്കാരൻ തയ്യാറായി. എന്നാൽ വില കൂടുതലാണെന്ന് പറഞ്ഞ് പകൽ വെളിച്ചത്തിലെ ലഹരി വിൽപനയ്ക്ക് കൂട്ട് നിൽക്കാതെ ഏഷ്യാനെറ്റ് ന്യൂസ് സംഘം മടങ്ങുകയായിരുന്നു.
പെരുമ്പാവൂരിൽ ഇത്രമേൽ സുലഭമാണ് ലഹരിയെന്ന് കാണിക്കുക മാത്രമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ലക്ഷ്യമിട്ടത്. അത്തരം വലിയൊരു ലഹരി ശൃംഖലയിലെ ചെറിയൊരു കണ്ണി മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സമീപിച്ചതും. ടമാ അഥവാ ഹെറോയിനടക്കമുളള മയക്കുമരുന്നുകൾ തിരിച്ചുവരാത്തൊരു മയക്കത്തിലേക്കാണ് കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ കൊണ്ടിടുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സിറിഞ്ച് ഉപയോഗിക്കാനോ, ഞരമ്പുകളെ കുറിച്ചോ അറിയില്ല ഏറിയ പങ്കും അതിഥി തൊഴിലാളികൾക്കെന്നാണ് കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനു വിശദമാക്കുന്നത്. അവർ ചെയ്യുന്നത് ഡ്രഗ് അബ്യൂസ് ആണ്. പലരും ഇതിൽ പെട്ടുപോവുകയാണെന്നും എസ് ബിനു വിശദമാക്കുന്നു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വർഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോർഡിന്റെ കണക്കുകൾ വിശദമാക്കുന്നത്. 2030 ൽ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലേറ്റവും കൂടുതൽ അതിഥി തൊഴിലാളികളെത്തുന്ന എറണാകുളത്തെ അതിഥി തൊഴിലാളി ജനസംഖ്യ 9.2 ലക്ഷമാണ്. ജില്ലയിലെ ആകെ അവിദ്ഗധ തൊഴിലാളികളിൽ അൻപത് ശതമാനത്തിലധികവും മറ്റുസംസ്ഥാനത്ത് നിന്നെത്തുന്നവരെന്നാണ് ചുരുക്കം. അതായത് ജില്ലയിലെ ആകെ അവിദഗ്ദ തൊഴിലാളികളിൽ 50 ശതമാനത്തിലധികവും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ്.
ഈ വർധനവ് എല്ലായിടത്തും ദൃശ്യമാണ്. ലഹരികെണിയിൽ പൊലിയുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിലും ഈ വർധനവ് കാണാം. 2024 ൽ പെരുമ്പാവൂർ പരിധിയിലെ അസ്വഭാവിക മരണം 84 എങ്കിൽ അതിൽ 37 ഉം ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ ആണ്. ഈ വർഷം മാത്രം ഇതിനോടകം 10 അതിഥിതൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു കഴിഞ്ഞു. ആരോഗ്യം ശ്രദ്ധിക്കാത്തത് മൂലവും ലഹരി ഉപയോഗവും നിമിത്തവും അതിഥി തൊഴിലാളികളിലെ അസ്വാഭാവിക മരണങ്ങൾ പതിവാണെന്നാണ് പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് സൂഫി വിശദമാക്കുന്നത്. യഥാർത്ഥ വില്ലൻ ലഹരിയാണ്, അത് തേടിയിറങ്ങുന്നവരേക്കാൾ വെല്ലുവിളി വിതരണം ചെയ്യുന്നവരെ പിടിച്ചുകെട്ടലാണ്. ലഹരി വിൽപന കൊണ്ടുമാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്ന ആൾക്കാരുണ്ട് ഈ പെരുമ്പാവൂരിൽ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]