
കുമാർ ടീ സ്റ്റാളിലെ ‘അയ്യോ പാവം’ കൊലയാളി; ജോലി പൊലീസ് സ്റ്റേഷന് അരികെ, നടത്തിയത് അരും കൊലകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022 ഫെബ്രുവരി 6. അന്നൊരു ഞായറാഴ്ചയായിരുന്നു. ലതാ മങ്കേഷ്കർ മരിച്ച ദിവസം. ഉച്ചയോടെ, ഒരു കൊലപാതക വാർത്ത പരക്കുന്നു– അമ്പലമുക്കിലെ അലങ്കാര ചെടിവിൽപനശാലയിലെ . ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽനിന്ന് നഗരം നടുങ്ങിയുണർന്നു; ചെടിവിൽപനശാലയുടെ മുന്നിലേക്കു പാഞ്ഞു. നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനീത (38) യായിരുന്നു കൊല്ലപ്പെട്ടത്.അമ്പലമുക്കിൽനിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ മാറിയാണ് . സ്റ്റേഷനു തൊട്ടുമുന്നിലെ ടീസ്റ്റാളിലെ രാജേന്ദ്രനിലേക്കാണ് അന്വേഷണമെത്തിയത്. വിനീതയെന്ന ജീവനക്കാരിയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത് നാലരപ്പവന്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു. കോവിഡ് കാലത്തെ ഞായർ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്. നഗരത്തിലും സംസ്ഥാനത്തിനു പുറത്തും പ്രതിക്കായി പൊലീസ് തിരഞ്ഞത് ഒരാഴ്ചയോളം.
ടാർപോളിൻ കൊണ്ട് മൂടിയ മൃതദേഹം
അമ്പലമുക്കിലെ അമ്പലനഗറിൽ ടാബ്സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടിക്കടയിൽ ചെടി വാങ്ങാനെത്തിയ രണ്ടു പേർ അവിടെ, ആരെയും കാണാതിരുന്നതോടെ ഉടമ തോമസ് മാമ്മനെ വിളിച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ചെടികൾ നനയ്ക്കാൻ എത്തണമെന്ന് തോമസ് വിനീതയോടു പറഞ്ഞിരുന്നു. തോമസ് ഫോണിൽ വിളിച്ചിട്ടും വിനീത എടുക്കാതിരുന്നതോടെ, അതിനടുത്തു താമസിക്കുന്ന മറ്റൊരു ജീവനക്കാരി സുനിതയെ വിളിച്ച് കടയിലെത്താൻ പറഞ്ഞു. സുനിത കടയിലെത്തിയപ്പോഴാണ് ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ വിനീതയുടെ മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് വിനീതയുടെ അച്ഛൻ വിജയനും അമ്മ രാഗിണിയും വിനീതയുടെ മക്കളായ അക്ഷയ് കുമാറിനും അനന്യകുമാരിക്കുമൊപ്പം സംഭവസ്ഥലത്ത് എത്തി. മകൾക്ക് നാലരപ്പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു. മൃതദേഹത്തിൽ ഈ മാല ഉണ്ടായിരുന്നില്ല. വിൽപനശാലയിലെ കലക്ഷൻ തുകയായ 25,000 രൂപ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്നു. കലക്ഷൻ പണവുമായി വീട്ടിലേക്കു പോകുന്ന വിനീത അടുത്ത ദിവസം രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. വിനീതയുടെ ഭർത്താവ് സെന്തിൽ കുമാർ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു.
വിറങ്ങലിച്ച് നഗരവും ഗ്രാമവും
വിനീത കൊല്ലപ്പെട്ട വാർത്ത കേട്ട് നഗരവും നെടുമങ്ങാട് വാണ്ട ഗ്രാമവും പകച്ചു. നഗരത്തിലെ പ്രമുഖ സ്വർണവിൽപനശാലയിലെ സെക്യൂരിറ്റിയായ പിതാവ് വിജയനൊപ്പമാണ് സാധാരണ വിനീത തന്റെ ഇരുചക്ര വാഹനത്തിൽ നഗരത്തിൽ വരുന്നത്. സംഭവദിവസം പിതാവിനു രാത്രി ഡ്യൂട്ടിയായതിനാൽ ഒറ്റയ്ക്കായിരുന്നു വിനീത വീട്ടിൽ നിന്നിറങ്ങിയത്. കോവിഡ് കാലമായതിനാൽ ഞായറാഴ്ച പുറത്തിറങ്ങാൻ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ജോലിക്കു പോകേണ്ടെന്ന് അമ്മ വിനീതയോടു പറഞ്ഞിരുന്നു. എന്നാൽ ചെടികൾക്കു വെള്ളമൊഴിക്കാൻ ആരുമില്ലെന്ന് പറഞ്ഞാണ് രാവിലെ എട്ടരയോടെ വിനീത വീട്ടിൽ നിന്നിറങ്ങിയത്. സാമ്പത്തിക ഭദ്രതയില്ലായിരുന്ന വിനീത മക്കളുടെ ഭാവിയെ കരുതിയാണ് ജോലിക്ക് പോയിരുന്നത്. ചെടിവിൽപനശാലയിൽ വിനീത തനിച്ചാണെന്ന് അറിയാവുന്ന, അവരെ അടുത്തു പരിചയമുള്ള ആരോ ആണ് കൊലപാതകിയെന്നു പൊലീസ് സംശയിച്ചു.
കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് അന്നത്തെ പേരൂർക്കട സിഐ സജികുമാർ അടുത്ത ദിവസം സ്ഥിരീകരിച്ചു. ലഭ്യമായ സിസിടിവി ക്യാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. സംശയം തോന്നിയ 15 പേരുടെ ദൃശ്യങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവദിവസം, സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പൊലീസ് നായ മണം പിടിച്ചുപോയത്. കൃത്യത്തിനു ശേഷം കൊലപാതകി രക്ഷപ്പെട്ടത് കടയുടെ പിന്നിലൂടെയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. കൊലപാതക ദിവസം വിനീതയുടെ ഫോണിലേക്കു വിളിച്ചത് സ്ഥാപന ഉടമ, സഹപ്രവർത്തക, അമ്മ, മകളുടെ കൂട്ടുകാരിയുടെ അമ്മ എന്നിവരാണ്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സംശയകരമായ കോളുകളില്ലായിരുന്നു.
തൊപ്പിയും മാസ്കും, ഫുൾസ്ളീവ് ഷർട്ടും പാന്റും…
രണ്ടു ദിവസം കഴിഞ്ഞതോടെ, പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. വിനീത കൊല്ലപ്പെട്ട സമയം സ്ഥലത്ത് യുവാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. കൊലപാതകം നടന്ന ഞായറാഴ്ച രാവിലെ 11 മണിയോടെ അലങ്കാരച്ചെടി വിൽപന കേന്ദ്രത്തിനു സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും 11.20 ഓടെ തിരികെപ്പോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഈ സമയത്തിനിടെ അതുവഴി കടന്നുപോയ മറ്റ് പലരെയും പൊലീസ് തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തെങ്കിലും തൊപ്പിയും മാസ്കും ഫുൾസ്ളീവ് ഷർട്ടും പാന്റും ധരിച്ച യുവാവിനെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പേരൂർക്കടയിലോ പരിസരപ്രദേശത്തോ യുവാവിനെ മുൻപു കണ്ടതായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവശേഷം അമ്പലമുക്ക് സാന്ത്വന ജംക്ഷനിൽനിന്ന് ഇയാൾ ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി.മുട്ടടയിൽ ഇറങ്ങിയ യുവാവ് ചെറുകോട്ട് ലൈനിലൂടെ ആലപ്പുറം കുളത്തിനുസമീപത്തെ വിജനമായ സ്ഥലംവരെ വന്ന് തിരികെ അതുവഴി വന്ന ബൈക്കിൽകയറി പോയതായി പലരും കണ്ടിട്ടുണ്ട്. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റാൻ വന്നതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുളത്തിനുസമീപം വ്യാപകമായ പരിശോധന നടത്തി. പ്രദേശവാസികളായ പലരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഈ കുളത്തിൽനിന്ന്, വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പിന്നീട് കണ്ടെത്തി.
അയാൾ മലയാളിയല്ല…
സിസിടിവി ദൃശ്യം പിന്തുടർന്ന് ഓട്ടോഡ്രൈവറെ കണ്ടെത്തിയ പൊലീസ് അയാളിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകാനാണ് ഓട്ടോയിൽ കയറിയതെങ്കിലും മുട്ടടയിൽ ഇറങ്ങുകയായിരുന്നു എന്നായിരുന്നു ഡ്രൈവറുടെ മൊഴി. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറോട് തണ്ണി (വെള്ളം) ആവശ്യപ്പെട്ടു. വെള്ളം കുടിക്കാൻ നൽകിയ ഡ്രൈവർ പരിചയപ്പെട്ടപ്പോൾ, ചായക്കട ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി. തുടർന്ന് നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിലേക്കും ചായക്കട തൊഴിലാളികളിലേക്കും അന്വേഷണം നീണ്ടു.
നിർമാണം നടക്കുന്ന മേഖലകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഓട്ടോ, ടാക്സി സ്റ്റാഡുകൾ എന്നിവിടങ്ങളിലും പഴുതടച്ച അന്വേഷണമാണ് നടത്തിയത്.പേരൂർക്കടയിലെ ചായക്കട ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രനിലേക്ക് (39) പൊലീസിനെ എത്തിച്ചത്. ഞായറാഴ്ച പുറത്തു പോയ ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ രാജേന്ദ്രന്റെ കൈത്തണ്ടയിൽ മുറിവുണ്ടായിരുന്നതായും പിന്നീട് ജോലിക്ക് വന്നില്ലെന്നും ഹോട്ടലുടമ വെളിപ്പെടുത്തി. മൊബൈൽ നമ്പറും നൽകി. മൊബൈൽ നമ്പർ പിന്തുടർന്ന് തോവാളയിലെ വാടകവീട്ടിൽനിന്നാണ് രാജേന്ദ്രനെ പിടികൂടിയത്.
അഞ്ചാം നാൾ പിടിയിൽ, കൊടും കുറ്റവാളി
കൊലപാതകത്തിന്റെ അഞ്ചാം നാളാണ് രാജേന്ദ്രൻ അറസ്റ്റിലായത്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ അരൽവായ്മൊഴി സ്റ്റേഷൻ പരിധിയിൽ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസുകളും ഉൾപ്പെടെ നാലു കൊലപാതക കേസുകളുണ്ടായിരുന്നു. 2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങൾ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ് രാജേന്ദ്രൻ.തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. വിനീതയുടെ നാലര പവൻ സ്വർണമാല കവരാനാണ് ക്രൂരത കാട്ടിയത്. പേരൂർക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ചായക്കടയിൽ അതിനും ഒരു മാസം മുമ്പാണ് പ്രതി ജോലിക്ക് കയറിയത്. പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും പേരൂർക്കടയിലും തമിഴ്നാട്ടിലും രണ്ടു ദിവസത്തോളം കറങ്ങിനടക്കുകയായിരുന്നു ഇയാൾ.
കുമാർ ടീ സ്റ്റാളിലെ പാവം രാജേന്ദ്രൻ
പേരൂർക്കടയിലെ കുമാർ ടീ സ്റ്റാളിൽ പ്രതി രാജേന്ദ്രൻ കൊലപാതകത്തിന് 15 ദിവസം മുമ്പ് ജോലി തേടി എത്തുമ്പോൾ ഒരു ‘അയ്യോ പാവം’ ആണെന്ന് എല്ലാവരും കരുതി. അങ്ങനെയായിരുന്നു അയാളുടെ പെരുമാറ്റവും. ടീ സ്റ്റാളിൽ എത്തുന്നവരോടും സമീപത്തെ കടക്കാരോടും വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയിരുന്നത്. ആരോടും അധികം സംസാരിച്ചിരുന്നില്ല. ആഹാരം വിളമ്പുന്നതും ഭവ്യതയോടെ. ജോലി കഴിഞ്ഞാൽ ഏറിയ സമയവും ഒറ്റയ്ക്കായിരിക്കും. ടീ സ്റ്റാളിലെ ജീവനക്കാരോട് പലപ്പോഴും അകലം പാലിച്ചിരുന്നു.ജോലിസമയത്തുൾപ്പെടെ മാസ്ക് ധരിച്ചിരുന്നതിനാൽ പലരും ഇയാളുടെ മുഖം വ്യക്തമായി ഓർത്തിരുന്നില്ല. പൊലീസ് സ്റ്റേഷനിൽനിന്ന് ടീ സ്റ്റാളിലേക്ക് നൂറു മീറ്റർ പോലും അകലമില്ല. തമിഴ്നാട്ടിൽനിന്ന് ജോലി തേടി വരുന്നവരെ സഹായിക്കാറുള്ള ടീ സ്റ്റാൾ ഉടമ കുമാർ ഇയാൾക്ക് ഇവിടെ സപ്ലയറായി ജോലി നൽകുകയായിരുന്നു. കടയോട് ചേർന്നുളള ലോഡ്ജിലായിരുന്നു മറ്റ് ജീവനക്കാർക്കൊപ്പം രാജേന്ദ്രൻ താമസിച്ചിരുന്നത്.
ആ വീട് ഇപ്പോഴില്ല
നഗരത്തിലെ വീട് വാടകയ്ക്കെടുത്താണ് തോമസ് മാമ്മൻ ചെടിവിൽപനശാല നടത്തിയിരുന്നത്. വിനീതയുടെ കൊലപാതകത്തിനു പിന്നാലെ പതിയെ വിൽപന നിർത്തി. കഴിഞ്ഞ വർഷം അവസാനത്തോടെ ആ വീട് പൊളിച്ചു. ഇപ്പോഴും ആ വഴി പോകുന്നവർ വിനീതയുടെ ഓർമയിൽ അങ്ങോട്ടേക്ക് ഒന്ന് നോക്കും…