
2:06 PM IST:
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസം. കെ ബാബുവിന്റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്ന എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി. വിധിയില് സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു.
12:32 PM IST:
പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന് ആശ്വസിക്കാം, ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
12:31 PM IST:
അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് തിരിച്ചടി. ദില്ലി മെട്രോ 8000 കോടി നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപ കമ്പനി ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായി 2021 ൽ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധിയാണ് തിരുത്തിയത്. ഡിഎംആർസി നൽകിയ തിരുത്തൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
9:07 AM IST:
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
9:06 AM IST:
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരനുമായുള്ള സാന്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യൽ. ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ പികെ ബിജുവിന് സതീഷ് കുമാറിൽ നിന്ന് പണം ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന് പുറമെ ക്രമക്കേട് അന്വേഷണത്തിനായി സിപിഎം നിയോഗിച്ച കമ്മിറ്റിയുടെ ചുമതലയും ബിജുവിനായിരുന്നു. ബിജുവിന് ബാങ്കിൽ നടന്ന എല്ലാ ബെനാമി ലോൺ ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തെ രണ്ട് തവണ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു
9:05 AM IST:
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കന്പനിയായ CMRLലെ ഉദ്യോഗസ്ഥനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. വീണ വിജയനും, വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കന്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു.ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നത്
9:05 AM IST:
തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.
9:04 AM IST:
ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നാലെയുണ്ടായ ഭരണപ്രതിസന്ധി മന്ത്രിയുടെ രാജിയോടെ അതിരൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ജയിലിലായതിനാൽ മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചത് ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ രാജി അറിയിക്കാൻ ഫയൽ തയ്യാറാക്കാൻ കെജ്രിവാൾ കോടതിയുടെ അനുമതി തേടും.