
ഗുവാഹത്തി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് അസം സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളായ 41 ലക്ഷം സ്ത്രീകള്‍. നീതിപരവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഒരേസമയം പ്രതിജ്ഞ ചൊല്ലിയാണ് അസമിലെ 41 ലക്ഷം വനിതകള്‍ റെക്കോര്‍ഡിട്ടത്.
രാജ്യത്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിപുലമായ പദ്ധതികളാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (SVEEP) വഴി തെരഞ്ഞെടുപ്പ് കമ്മീഷന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അസമിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വനിതകളുടെ വേറിട്ട പരിപാടി നടത്തിയത്. അസം സ്റ്റേറ്റ് റൂറല്‍ ലിവ്ലിഹുഡ്സ് മിഷന്, അസം സ്റ്റേറ്റ് അര്‍ബന്‍ ലിവ്ലിഹുഡ്സ് മിഷന് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. വനിതകളിലൂടെ സ്വതന്ത്രവും നീതിപരവും സമാധാനപൂര്‍വവുമായ തെരഞ്ഞെടുപ്പിന് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതര്‍ റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അനുരാഗ് ഗോയലിന് കൈമാറി. അസം സ്റ്റേറ്റ് റൂറല്‍ ലിവ്ലിഹുഡ്സ് മിഷന്, അസം സ്റ്റേറ്റ് അര്‍ബന്‍ ലിവ്ലിഹുഡ്സ് മിഷന് എന്നിവയുടെ അധികൃതരും പരിപാടിയില്‍ പങ്കെടുത്തു. നീതിപരമായ തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പോളിംഗ് ശ്രമങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പതിനെട്ടാം ലോക്സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.
Last Updated Apr 11, 2024, 9:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]