
മുല്ലന്‍പൂര്‍: ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകര്‍. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങളുടെ ഓരോ മത്സരത്തിലെയും പ്രകടനം ആരാധകര്‍ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. ഐപിഎല്ലിന് മുമ്പ് ഇന്ത്യയുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി ആദ്യ പരിഗണന നല്‍കിയിരുന്നത് പഞ്ചാബ് കിംഗിസ്ന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ജിതേഷ് ശര്‍മക്കായിരുന്നു.
കെ എല്‍ രാഹുലിനും റിഷഭ് പന്തിനും പരിക്കേല്‍ക്കുകയും ഇഷാന് കിഷന് സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെയാണ് ജിതേഷ് ടി20 ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ ഇത്തവണ ഐപിഎല്ലിലെ പ്രകടനം ജിതേഷിന് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ജിതേഷ് നേടിയത് 77 റണ്‍സ് മാത്രമാണ്. 27 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടീമിനെ ജയിപ്പിച്ച് ഹീറോ ആവാനുള്ള സുവര്‍ണാവസരം ജിതേഷിന് ലഭിച്ചതാണെങ്കിലും 11 പന്തില്‍ 19 റണ്‍സെടുത്ത് ജിതേഷ് നീതീഷ് റെഡ്ഡിയുടെ ബൗണ്‍സറില്‍ പുറത്തായി. ജിതേഷ് പുറത്തായശേഷം ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും പഞ്ചാബിനെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.
ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവിനും റിഷഭ് പന്തിനുമൊപ്പം മത്സരിക്കുന്ന മറ്റൊരു താരമായ കെ എല്‍ രാഹുല്‍ നാലു മത്സരങ്ങളില്‍ നിന്ന് 126 റണ്‍സടിച്ചിട്ടുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് 128.57 മാത്രമാണ്. അഞ്ച് മത്സരങ്ങളില്‍ 154.54 സ്ട്രൈക്ക് റേറ്റില്‍ 153 റണ്‍സടിച്ച റിഷഭ് പന്തും നാലു മത്സരങ്ങളില്‍ 150.84 സ്ട്രൈക്ക് റേറ്റില്‍ 178 റണ്‍സടിച്ച സഞ്ജുവും തന്നെയാണ് നിലവില്‍ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. നാലു മത്സരങ്ങളില്‍ 92 റണ്‍സ് മാത്രം നേടിയിട്ടുള്ള ഇഷാന് കിഷനാകട്ടെ സെലക്ടര്‍മാരുടെ മനസ് മാറ്റുന്ന പ്രകടനങ്ങളൊന്നും ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെല്‍ ആകട്ടെ ഇതുവരെ നേടിയത് നാലു മത്സരങ്ങളില്‍ നിന്ന് 42 റണ്‍സ് മാത്രമാണ്.
Last Updated Apr 10, 2024, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]