
ജയ്പൂര്‍: രാജസ്ഥാന് റോയല്‍സ് നായകനായ അമ്പതാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറി നേടിയ സഞ്ജു സാംസണ് സ്വന്തമാക്കിയത് അപൂര്‍വനേട്ടം. 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ക്യാപ്റ്റനായി അമ്പതാം മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന താരമായി. 2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗൗതം ഗംഭീര്‍ അമ്പതാം മത്സരത്തില്‍ 46 പന്തില്‍ 59 റണ്‍സെടുത്തതിന്റെ റെക്കോര്‍ഡാണ് 11 വര്‍ഷത്തിനുശേഷം സഞ്ജു മറികടന്നത്.
രോഹിത് ശര്‍മ(48 പന്തില്‍ 65), ഡേവിഡ് വാര്‍ണര്‍(33 പന്തില്‍ 45) എന്നിവരെയാണ് സഞ്ജു ഇന്ന് പിന്നിലാക്കിയത്. ഇതിന് പുറമെ രാജസ്ഥാന് റോയല്‍സിനായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും സഞ്ജു ഇന്ന് സ്വന്തമാക്കി. രാജസ്ഥാനുവേണ്ടി 131 ഇന്നിംഗ്സുകളില്‍ സഞ്ജുവിന്റെ 25-ാമത് അര്‍ധസെഞ്ചുറിയും സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയുമാണ് സഞ്ജു ഇന്ന് നേടയിത്.
76 ഇന്നിംഗ്സുകളില്‍ രാജസ്ഥാനുവേണ്ടി 24 അര്‍ധസെഞ്ചുറി നേടിയിട്ടുള്ള ഓപ്പണര്‍ ജോസ് ബട്ലര്, 99 ഇന്നിംഗ്സില്‍ നിന്ന് 23 അര്‍ധസെഞ്ചുറി നേടിയിട്ടുള്ള അജിങ്ക്യാ രഹാനെ, 81 ഇന്നിംഗ്സുകളില്‍ നിന്ന് 16 അര്‍ധസെഞ്ചുറി നേടിയിട്ടുള്ള ഷെയ്ന് വാട്സണ്, 42 ഇന്നിംഗ്സുകളില്‍ നിന്ന് ഒമ്പത് അര്‍ധസെഞ്ചുറി നേടിയിട്ടുള്ള യശസ്വി ജയ്സ്വാള്‍ എന്നിവരാണ് സഞ്ജുവിന് പിന്നിലുള്ളത്.
ഗുജറാത്തിനെതിരെ മൂന്നാം വിക്കറ്റില്‍ 130 റണ്‍സടിച്ച സഞ്ജുവും പരാഗും ചേര്‍ന്ന് മൂന്നാം വിക്കറ്റിലെ രാജസ്ഥാന് രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇന്ന് അടിച്ചെടുത്തത്. 2020ല്‍ സഞ്ജുവും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 152 റണ്‍സടിച്ചതാണ് മൂന്നാം വിക്കറ്റില്‍ രാജസ്ഥാന്റെ ഉയര്‍ന്ന കൂട്ടുകെട്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.
Last Updated Apr 10, 2024, 10:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]