
കാലിഫോര്‍ണിയ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പല ഓഫീസുകളും അടച്ചുപൂട്ടുന്നു. നിരവധി പ്രൊജക്റ്റുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനും നാസ തീരുമാനിച്ചു. റിഫ് (RIF) എന്നാണ് ഈ ഒപ്റ്റിമൈസേഷന്‍ പദ്ധതിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ചീഫ് സയന്റിസ്റ്റ് ഓഫീസാണ് നാസ അടച്ചുപൂട്ടുന്ന ഒരു വിഭാഗം. ഇതിന് പുറമെ ഡിഇഐഎ അടക്കമുള്ള രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം നാസ അവസാനിപ്പിക്കുകയാണ്.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ നാസയില്‍ ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം വര്‍ക്ക്ഫോഴ്സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന്റെ ഭാഗമായി നാസ ജോലിക്കാരെ വെട്ടിച്ചുരുക്കുന്ന റിഫ് ഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വിവരം ചില ജീവനക്കാര്‍ക്കെങ്കിലും തിങ്കളാഴ്ച നല്കി. ചീഫ് സയന്റിസ്റ്റ് ഓഫീസ്; ഓഫീസ് ഓഫ് ടെക്നോളജി, പോളിസി, സ്ട്രാറ്റജി; ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ ആന്‍ഡ് ആക്സസിബിളിറ്റി ബ്രാഞ്ച് എന്നിവയാണ് നാസ അടച്ചുപൂട്ടുന്നത്. ഓഫീസ് ഓഫ് ഡൈവേഴ്സിറ്റി ആന്‍ഡ് ഈക്വല്‍ ഓപ്പര്ച്ച്യൂണിറ്റിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഇതനുസരിച്ച് അര്‍ഹരായ ജീവനക്കാര്‍ക്ക് വോളണ്ടറി ഏര്‍ളി റിട്ടയര്‍മെന്റിന് അവസരമുണ്ടായിരിക്കും, അതല്ലെങ്കില്‍ റിഫ് പ്രക്രിയ പൂര്‍ത്തിയാക്കാം എന്നും നാസ അറിയിച്ചു. എന്നാല്‍ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കൃത്യമായ സംഖ്യ നാസ പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റായി അധികാരമേറ്റതിന്റെ ആദ്യ ദിനം ട്രംപ് ഒപ്പുവെച്ച ഉത്തരവ് പ്രകാരമാണ് നാസയിലെ പിരിച്ചുവിടല്‍ എന്നാണ് സൂചന.
മുഖ്യ ഉപദേശകനായ ഇലോണ്‍ മസ്കിന്റെ നിര്‍ദേശം പ്രകാരമാണ് നാസയില്‍ ട്രംപ് ചിലവ് ചുരുക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ട്രംപ് ഭരണത്തില്‍ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) വിഭാഗത്തിന്റെ തലവനാണ് ലോകത്തെ ഏറ്റവും കോടീശ്വരനായ മസ്ക്. ഇടക്കാല അഡ്മിനിസ്ട്രേറ്ററായ ജാനറ്റ് പെട്രോയുടെ പിന്‍ഗാമിയായി കോടീശ്വരനും ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജാറെഡ് ഐസക്മാനെ ഇതിനകം ട്രംപ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഷിഫ്റ്റ് 4 പേയ്മെന്റ്സിന്റെ സ്ഥാപകനും സിഇഒയുമായ ഐസക്മാൻ, ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]