
തിരുവനന്തപുരം: കത്തുന്ന വേനലിൽ സമര തീ ആളിക്കത്തിച്ച് ആശവർക്കർമാരുടെ രാപ്പകൽ സമരം ഒരു മാസം പിന്നിടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനകൾക്ക് മുന്നിൽ പതറാതെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലെ സമരാവേശം. അടുത്ത തിങ്കഴാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോർമുഖം തുറക്കുകയാണ് ആശവർക്കാർമാർ.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരവുമായെത്തുന്നത്. സർക്കാർ പിടിവാശി ഒരു ഭാഗത്തും സമരക്കാരുടെ നിശ്ചയദാര്‍ഢ്യം മറുഭാഗത്തുമായി നിന്നതോടെ കേരള സമര ചരിത്രത്തിലെ ഒരു ഏടായി സെക്രട്ടറിയേറ്റ് പടിക്കലിലെ സ്ത്രീ മുന്നേറ്റം.
232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തിനായുള്ള ജീവിത സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോൾ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ, സമരത്തെ ആദ്യം പരിഹസിച്ചതും വകുപ്പ് മന്ത്രിയായ വീണ ജോര്‍ജായിരുന്നു. കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയമെന്നും കുടിശ്ശിക ഉണ്ടെന്നത് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. കണക്കുകൾ നിരത്തി സമരക്കാർ മന്ത്രിയുടെ വാദം പൊളിച്ചതോടെ സമരത്തിന് പിന്നിൽ അരാഷ്ട്രീയ സംഘടനകളാണെന്നായി പുതിയ കണ്ടുപിടുത്തം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ അരാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്നിലുണ്ടെന്ന ആരോപണം ഉന്നയിച്ചു. ഇതിനിടെ, ഭരണപക്ഷ തൊഴിലാളി സംഘടന നേതാക്കളും അവഹേളനം തുടര്‍ന്നു. എളമരം കരീം അടക്കമുള്ള നേതാക്കള്‍ സമരത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തി. പൊരിവെയിലിൽ വെന്തുരുകിയ സമരക്കാർക്കിടയിൽ മഴ ആശ്വാസമായപ്പോൾ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റ് വരെ പൊലീസ് അഴിച്ചുമാറ്റി. അപ്പോഴും സമരം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോയി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയല്ല സമരമെങ്കിലും ഐക്യപ്പെടാൻ ഇനിയാരും ബാക്കിയില്ല.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, എകെ ആന്റണി തുടങ്ങിയ നേതാക്കളടക്കം സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും പഴിചാരി ഒഴിയുമ്പോൾ ജീവിക്കാനുള്ള സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുകയാണ് ആശമാർ. നവകേരളത്തിനായി പുതുവഴി തേടുന്ന സംസ്ഥാന സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങളോട് കാട്ടുന്നത് അവഗണനയാണെന്ന പൊതുബോധം എതെങ്കിലുമൊരു കൊടിയുടെ പിൻബലമില്ലാതെ ആശമാർക്ക് ഉണ്ടാക്കാനായി.
യുഡിഎഫ് എംപിമാരുടെ പ്രതിഷേധം ഇന്ന്
ആശവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ക്കായി യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. മകര്‍ ദ്വാറില്‍ രാവിലെ പത്തരക്കാണ് പ്രതിഷേധം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി എംപിമാര്‍ വിഷയം ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. മണ്ഡല പുനര്‍ നിര്‍ണ്ണയം, ത്രിഭാഷാ വിവാദം, മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും നോട്ടീസ് നല്‍കും. പ്രതിപക്ഷത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇരുസഭകളും തള്ളിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]