
ലഖ്നൌ: രോഗശാന്തി നൽകാമെന്ന് പറഞ്ഞ് 23കാരിയെ ബലാത്സംഗം ചെയ്ത 50കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സ്ത്രീയെ ആണ് ആത്മീയ ശാന്തി നൽകാമെന്ന് പറഞ്ഞ് സയ്യിദ് മുഹമ്മദ് അഷ്റഫ് എന്നയാള്‍ ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കും ഒപ്പം മാർച്ച് ഏഴിന് അംബേദ്കർ നഗറിലെ ദർഗ സന്ദർശിച്ചിരുന്നു. ബന്ധുക്കളുടെ ഉപദേശ പ്രകാരമാണ് സയ്യിദ് മുഹമ്മദ് അഷ്റഫിനെ കണ്ടതെന്നും തങ്ങളുടെ കഷ്ടപ്പാടുകൾ പരിഹരിക്കപ്പെടുമെന്ന് ഇയാൾ ഉറപ്പ് നൽകിയെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം പ്രതിസന്ധിയിലായ കുടുംബത്തിന് ആത്മീയസൌഖ്യം നൽകാമെന്നായിരുന്നു അഷ്റഫിന്റെ വാഗ്ദാനം.
അഷ്റഫ് യുവതിയെ ചികിത്സക്കെന്ന് പറഞ്ഞ് മുറിയിലേക്ക് കൊണ്ടുപോയി, മറ്റ് കുടുംബാംഗങ്ങളോട് പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും യുവതി പുറത്തുവരാതിരുന്നതോടെ കുടുംബം ആശങ്കയിലായി. അവർ വാതിലിൽ മുട്ടാൻ തുടങ്ങി. തുടർച്ചയായി മുട്ടിയതിന് ശേഷം മാത്രമാണ് അഷ്റഫ് വാതിൽ തുറന്നത്. വാതിൽ തുറന്നതിനു പിന്നാലെ അയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി.
യുവതിയെ മുറിയിൽ അവശനിലയിലാണ് കണ്ടെത്തിയതെന്ന് ഭർത്താവ് പറഞ്ഞു. അഷ്റഫ് തന്നെ ബലാത്സംഗം ചെയ്തെന്നും നടന്നത് പുറത്തുപറഞ്ഞാൽ കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി പ്രകാരം ബലാത്സംഗം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് അഷ്റഫിനെതിരെ ചുമത്തിയത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാള്‍. യുവതിയുടെ വൈദ്യപരിശോധന നടത്തി. മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വൈകാതെ ഇത് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Mar 11, 2024, 12:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]