
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ മുംബൈക്ക് 119 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224നെതിരെ വിദര്‍ഭ 105ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കൊട്യന്‍ എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്. 27 റണ്‍സ് നേടിയ യഷ് റത്തോഡാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. നേരത്തെ, മുംബൈയെ മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത് ഷാര്‍ദുല്‍ ഠാക്കൂറിന്റെ (75) ഇന്നിംഗ്സായിരുന്നു. ഹര്‍ഷ് ദുബെ, യാഷ് ഠാക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ധ്രുവ് ഷൊറേ (0), അമന് മൊഖാദെ (8), കരുണ്‍ നായര്‍ (0) എന്നിവര്‍ മടങ്ങിയിരുന്നു. ഇന്ന് അഥര്‍വ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തക്കറെ (19) മടങ്ങി. ഇരുവരുമായിരുന്നു ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ അക്ഷയ് വഡ്ക്കര്‍ക്കും (5) പിടിച്ചുനില്‍ക്കാനായില്ല. യഷ് ഠാക്കൂര്‍ (16), റാത്തോഡ് എന്നിവരാണ് സ്കോര്‍ 100 കടത്താന്‍ സഹായിച്ചത്.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വി ഷായുടെ (11) വിക്കറ്റാണ് നഷ്ടമായത്. ഭുപന് ലാല്‍വാനി (14), മുഷീര്‍ ഖാന് (0) എന്നിവരാണ് ക്രീസില്‍.
മുംബൈയുടെ ഒന്നാം ഇന്നിംഗ്സില്‍, ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക് ഇന്നും തിളങ്ങാനായില്ല. പൃഥ്വി ഷാ (46), ഭുപന് ലാല്‍വാനി (37) എന്നിവരാണ് ഷാര്‍ദൂലിന് പുറമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി – ഭുപന് സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു മുംബൈക്ക്. സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പൃഥ്വിയും മടങ്ങി. തുടര്‍ന്നെത്തിയ മുഷീര്‍ ഖാന് (6), അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹാര്‍ദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല.
പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദുല്‍ നടത്തിയ പോരാട്ടമാണ് സ്കോര്‍ 200 കടത്തിയത്. തുഷാന്‍ ദേശ്പാണ്ഡെ (14) ഷാര്‍ദുലിന് നിര്‍ണായക പിന്തുണ നല്കി. മൂന്ന് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നായിരുന്നു ഷാര്‍ദുലിന്റെ ഇന്നിംഗ്സ്. തനുഷ് കൊട്യനാണ് (8) പുറത്തായ മറ്റൊരു താരം. ധവാന് കുല്‍ക്കര്‍ണി (0) പുറത്താവാതെ നിന്നു. ഹര്‍ഷ് ദുബെ, യഷ് താക്കൂര്‍ എന്നിവര്‍ വിദര്‍ഭയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്.
Last Updated Mar 11, 2024, 1:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]