
പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ചെന്ന കേസിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് അറസ്റ്റിൽ. സുപ്രീംകോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വിമർശനം ശക്തമായിരിക്കെ രാവിലെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സൺ ജോസഫിനെ പൊലീസ് പിടികൂടിയിരുന്നില്ല. രാഷ്ട്രീയ സമ്മർദ്ദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പരാതിക്കാരി ഉൾപ്പെടെ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ്, ഡിവൈഎഫ്ഐ നേതാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബർ 20 ന് മൗണ്ട് സിയോൻ കോളേജിൽ നടന്ന സംഘഷത്തിനിടെ ജയ്സൺ മർദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയത്. എന്നാൽ മൂന്ന് ദിവസം വൈകിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതും യൂത്ത് കോൺഗ്രസുകാർ ആറന്മുള സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം.
കേസിൽ ഒന്നാം പ്രതിയായ ജയ്സണ് ജോസഫിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന് സുപ്രീംകോടതി വരെ പോയെങ്കിലും രക്ഷയുണ്ടായില്ല. കഴിഞ്ഞ ദിവസം മൗണ്ട് സിയോൻ കോളേജിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനൊടുവിൽ കോളേജിൽ നിന്നും ജയ്സണെ പുറത്താക്കിയിരുന്നു. അതേസമയം, പരാതി തന്നെ വ്യാജമെന്നാണ് ജയ്സൺ ജോസഫിന്റെ വാദം.
Last Updated Mar 11, 2024, 2:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]