
കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാവുന്നു; ആറ് ദിവസത്തിനിടെ രോഗം ബാധിച്ചത് 1649 പേര്‍ക്ക് ; എന്താണ് മുണ്ടിനീര്…; ലക്ഷണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും അറിയാം
സ്വന്തം ലേഖകൻ
കുട്ടികളില്‍ മുണ്ടിനീര് (മംപ്സ്) രോഗം വ്യാപകമാവുന്നു. ഈവര്‍ഷംമാത്രം 10,611 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ആറുദിവസത്തിനിടെ 1649 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. സമാന്തരചികിത്സ ചെയ്യുന്നരുടെ കണക്ക് ലഭ്യമല്ല. ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവര്‍ഷങ്ങളായി മുണ്ടിനീരിന് വാക്സിന് നല്‍കുന്നില്ല. എം.എം.ആര്. (മംപ്സ്, മീസില്‍സ്, റുബല്ല)വാക്സിന് പകരം ഇപ്പോള്‍ എം.ആര്. വാക്സിനാണ് (മീസില്‍സ്, റുബല്ല) സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്നത്. പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
രോഗം അപകടകാരിയല്ലെങ്കിലും ചില കുട്ടികളില്‍ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം പ്രൊഫസര്‍ ഡോ. എം. വിജയകുമാര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാധിക്കുക ഉമിനീര്‍ഗ്രന്ഥികളെ
പാരമിക്സൊ വൈറസാണ് രോഗാണു. വായുവിലൂടെ പകരും. രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിനു തൊട്ടുമുന്‍പും വീങ്ങിയശേഷം ആറുദിവസംവരെയുമാണ് രോഗം പകരുക. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.
ലക്ഷണങ്ങള്‍
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളില് വീക്കം. മുഖത്തിന്റെ ഒരുവശത്തെയോ രണ്ടുവശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന. ചെറിയപനിയും തലവേദനയും. വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന.
സങ്കീര്‍ണതകള്‍
ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേള്‍വിത്തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസ് വരാം.
രോഗപ്പകര്‍ച്ച തടയാന്‍
രോഗംഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.
വേദന കുറയാന്‍
ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളാം. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂടുംപിടിക്കാം. ധാരാളം വെള്ളം കുടിക്കുക. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]