
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെച്ചത് ആശങ്കാജനകമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള രാജി ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കിടയിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണെന്ന് സിപിഎം വിലയിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും സിപിഎം കുറ്റപ്പെടുത്തി.
ഇന്നലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയുണ്ടായ രാജിയിൽ ദുരൂഹതുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ സ്ഥാനം രാജിവെക്കുന്നത്.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. രാജി രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. സംസ്ഥാങ്ങളിലെ ഒരുക്കങ്ങല്‍ വിലയിരുത്തന്നത് അവസാനഘട്ടത്തിലാണ് . തിങ്കള്‍ മുതല്‍ ബുധൻ വരെയുള്ള ജമ്മുകശ്മീർ സന്ദർശനം കൂടി പൂർത്തിയായ ശേഷം കേന്ദ്രവുമായി ചർച്ച നടത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കം. രണ്ട് അംഗങ്ങള്‍ മാത്രമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുമെന്നിരിക്കെ ഒരംഗം കൂടി രാജിവെച്ചത് അസാധാരണമാണ്. നിലവില്‍ കേന്ദ്രസർക്കാരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കുന്നതില്‍ കൂടുതല്‍ അധികാരം ഉള്ളത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് മറികടക്കാൻ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരികയായിരുന്നു.
Last Updated Mar 10, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]