
തൃശൂർ: ത്രികോണ മത്സരച്ചൂടിലാണ് തൃശൂർ. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വോട്ട് ചോദിക്കലും റോഡ് ഷോയുമൊക്കെയായി കളംപിടിക്കുകയാണ് സ്ഥാനാർത്ഥികള്‍. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറും നേരത്തെ തന്നെ കളത്തിലിറങ്ങിയപ്പോള്‍ യുഡിഎഫിന്റെ തൃശൂരിലെ സർപ്രൈസ് സ്ഥാനാർത്ഥി കെ മുരളീധരനും മണ്ഡലത്തിൽ സജീവമായി.
ഇന്ന് സുരേഷ് ഗോപിയുടെ റോഡ് ഷോ അന്തിക്കാടെത്തിയിരുന്നു. റോഡിന് എതിർ വശത്തായി സുനിൽ കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. ഇതോടെ സ്ഥാനാർത്ഥിയുടെയും അണികളുടെയും ആവേശം അണപൊട്ടി. ജീപ്പിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഏറെനേരം നൃത്തം ചെയ്ത ശേഷമാണ് സുരേഷ് ഗോപി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്. കൈ കൊട്ടിയും ബിജെപിയുടെ പതാക വീശിയും ആവേശം പകർന്ന് അണികളും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷോഭിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്നാണ് ഇന്ന് സുരേഷ് ഗോപി വിശദീകരിച്ചത്. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേർത്തിരുന്നില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അല്ലാതെ താനെത്തിയപ്പോള്‍ ആളില്ലാത്തതുകൊണ്ടല്ല പ്രവർത്തകരെ ശകാരിച്ചത്. അവിടെ ആളുകളുണ്ടായിരുന്നു. അത് വീഡിയോ കാണിച്ച് തെളിയിക്കണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ആളില്ലായിരുന്നു എന്ന് പ്രചരിപ്പിച്ചത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എന്താണ് ബൂത്തിന്റെ ജോലിയെന്നും ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെ’ന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ചോദിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.
Last Updated Mar 10, 2024, 9:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]