
വയനാട്: ആനി രാജയ്ക്കും രാഹുൽ ഗാന്ധിക്കും പുറമെ ബിജെപിയും വയനാട്ടിൽ ദേശീയ മുഖത്തെ ഇറക്കുമോ എന്നതിൽ ആകാംക്ഷയുയരുന്നു. ഇന്ത്യ മുന്നണിയിലെ രണ്ട് പേർ പോരടിക്കുന്ന മണ്ഡലത്തിൽ നിസാരക്കാരനാകില്ല സ്ഥാനാർത്ഥിയെന്നാണ് ബിജെപി നേതാക്കൾ സൂചിപ്പിക്കുന്നത്. വയനാട്ടിൽ പാൻ ഇന്ത്യ പോര് നടക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. പ്രായം 15 ആയി വയനാട് ലോക്സഭ മണ്ഡലത്തിന്.
കോൺഗ്രസ് കോട്ടയായി കാണുന്ന മണ്ഡലത്തില് കഴിഞ്ഞ തവണ രാഹുൽ എത്തിയതോടെ വിഐപി മണ്ഡലമായി, പാൻ ഇന്ത്യ സ്റ്റാറ്റസും ലഭിച്ചു. ഇത്തവണയും വോട്ടർമാരുടെ കൈ പിടിക്കാൻ രാഹുലുണ്ട്. പക്ഷേ, ഇത്തവണ ആദ്യം കളത്തിൽ ഇറങ്ങിയത് ആനിരാജയാണ്. മുഷ്ടിചുരുട്ടി ഇൻക്വിലാബ് വിളിച്ച് ആനി രാജ മുന്നോട്ട് പോവുകയാണ്. പ്രചാരണത്തിലും ഒരുപടി മുന്നിൽ എത്തിക്കഴിഞ്ഞു. ഇനി മണ്ഡം കാത്തിരിക്കുന്നത് എൻഡിഎ സ്ഥാനാർത്ഥിയെയാണ്.
ദേശീയ മുഖം വരുമെന്നാണ് ജില്ലയിലെ ബിജെപി നേതാക്കൾ പറയുന്നത്. നേരത്തെ ബിഡിജെഎസ് മത്സരിച്ച സീറ്റാണ് വയനാട്. ഇത്തവണ ബിജെപി തന്നെ മത്സരിക്കും. രാഹുൽ വരുമോ ഇല്ലെയോ എന്നറിയാനാണ് കാത്തു നിന്നത്. രാഹുലെത്തിയ സ്ഥിതിക്ക് ദേശീയ നേതാവ് തന്നെ ബിജെപിക്ക് വേണ്ടിയും രംഗത്ത് ഇറങ്ങാൻ സാധ്യതയുണ്ട്.
ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുടെ പേരും പറയപ്പെടുന്നുണ്ട്. അബ്ദുള്ളകുട്ടി വടക്കേ വയനാട്ടിന് സുപരിചിതനാണ്. നേരത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു വടക്കേ വയനാട്. അന്ന് എൽഡിഎഫ് പ്രതിനിധിയായിരിക്കെ ഇന്നത്തെ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ സജീവമായിരുന്നു അബ്ദുള്ളക്കുട്ടി. ഈ ചരിത്രം തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്തായാലും പ്രഖ്യാപനം വരെ കാത്തിരിപ്പ് നീളും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Mar 10, 2024, 8:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]