![](https://newskerala.net/wp-content/uploads/2025/02/kerala-.1.3133993.jpg)
ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച കേസിൽ മകനും അച്ഛനും അമ്മയും അറസ്റ്റിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ
കല്ലുപുരക്കൽ വീട്ടിൽ ദിനേശൻ (50) കൊല്ലപ്പെട്ട സംഭവത്തിലാണ് അയൽവാസികളായ കൈതവളപ്പ് കുഞ്ഞുമോൻ (55), ഭാര്യ അശ്വമ്മ (അശ്വതി-50) മകൻ കിരൺ (28) എന്നിവരെ അമ്പലപ്പുഴ ഡിവൈ. എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കിരണിനെയും അശ്വമ്മയെയും വീട്ടിൽ നിന്നും കുഞ്ഞുമോനെ ജോലിസ്ഥലത്തും നിന്നാണ് കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുവന്ന കിരണിനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. മരണാനന്തര ചടങ്ങിൽ കിരണും കുടുംബവും സജീവമായിരുന്നു.
വൈദ്യുതി മീറ്റർ പ്രതിയെ കുടുക്കി
രണ്ട് വർഷമായി കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശൻ ലോഡ്ജിലാണ് താമസം. ഇടക്ക് അശ്വമ്മയുടെ വീട്ടിൽ എത്തുമായിരുന്നു. ഇതറിഞ്ഞ കിരൺ വെള്ളിയാഴ്ച രാത്രിയിൽ വീടിന് പിന്നിൽ ഇലക്ട്രിക് കമ്പിയിടുകയായിരുന്നു. ഇതിൽ തട്ടിയാണ് ദിനേശൻ മരിച്ചത്. ഷോക്കേറ്റ് വീണ ദിനേശന്റെ മരണം ഉറപ്പാക്കാൻ കിരൺ വീണ്ടും ഷോക്കടിപ്പിച്ചു. വീട്ടിൽ നിന്നാണ് വൈദ്യുതി കണക്ഷൻ കൊടുത്തത്. മൃതദേഹം വലിച്ചിഴച്ച് 150 മീറ്ററോളം അകലെയുള്ള വയലിൽ കൊണ്ടിടുകയായിരുന്നു. ശനിയാഴ്ച രാവിലെ ചൂണ്ടയിടാനെത്തിയ ദിനേശന്റെ ബന്ധുവായ കുട്ടിയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുട്ടി അശ്വമ്മയോട് പറഞ്ഞു. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരോടും പറയേണ്ടെന്ന് അവർ കുട്ടിയോട് പറഞ്ഞു.
വൈകുന്നേരമായിട്ടും എഴുനേൽക്കാതിരുന്നതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.
ഷോക്കേറ്റാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് സ്ഥലം പരിശോധിച്ചു. സമീപത്തൊന്നും വൈദ്യുതിലൈൻ ഉണ്ടായിരുന്നില്ല.
വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തി. കിരണിന്റെ വീട്ടിലെ മീറ്ററിൽ നിന്ന് രാത്രിയിൽ അധിക വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തിയതോടെ കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കിരൺ കുറ്റം സമ്മതിച്ചു. തുടർന്ന് മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷോക്ക് അടിപ്പിച്ച കമ്പി കണ്ടെത്തിയെങ്കിലും മരണം ഉറപ്പാക്കാൻ ദിനേശന്റെ ദേഹത്തുവച്ച ചെമ്പ്കോയിൽ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുന്നപ്ര സി.ഐ സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ റെജിരാജ്, കെ.എസ്.സന്തോഷ്, സി.പി.ഒമാരായ രതീഷ്, സിദ്ധിഖ്, ബിനു, അമർ ജ്യോതി. സുമത്, കാർത്തിക എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.