![](https://newskerala.net/wp-content/uploads/2025/02/fruits.1.3133989.jpg)
കിളിമാനൂർ: വേനൽച്ചൂട് കൂടിയതോടെ പഴവിപണിയിലും വൻവിലക്കയറ്റമേറുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പഴങ്ങളെത്തുന്നത്. കാലാവസ്ഥാവ്യതിയാനം കൃഷിയെ ബാധിച്ചതും നിലവിൽ പഴങ്ങളുടെ സീസണല്ലാത്തതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഒരു കിലോ മുന്തിരിക്ക് 150 രൂപയാണ് വില. കുരുവില്ലാത്ത മുന്തിരിക്ക് 200 രൂപ വരെയുണ്ട്. നേരത്തെ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു കിലോയ്ക്ക് 80 രൂപ കൊടുക്കണം. വിവിധതരം ആപ്പിളുകൾക്കും വില ഉയർന്നു നിൽക്കുന്നു.
വിപണി കീഴടക്കി തണ്ണിമത്തൻ
വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തൻ കിലോയ്ക്ക് 25 രൂപയാണ് വില. വരുംദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ കിലോയ്ക്ക് 25 രൂപയാണെങ്കിലും ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തനെത്തുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവയും വിപണിയിൽ
നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്രപ്പഴത്തിന്റെ വില 80 രൂപയിലെത്തി. നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ അവസാനിച്ചതോടെ അപ്രത്യക്ഷമായി. കേരളത്തിലുള്ളവയ്ക്ക് പുറമെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കുലകളും വിപണിയിലുണ്ട്.
രണ്ട് മാസം മുമ്പേ പഴങ്ങൾക്ക് വില ഉയർന്നു തുടങ്ങിയിട്ടുണ്ട്. റംസാൻ നോമ്പുകാലം കൂടി എത്തുന്നതോടെ വില ഇനിയും വർദ്ധിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]