
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം (Asteroid 2024 YR4). 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത നിലനില്‍ക്കുന്നതാണ് ഈ ഛിന്നഗ്രഹത്തെ സൂക്ഷ്മതയോടെ പിന്തുടരാന് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യതയാല്‍ ‘സിറ്റി-കില്ലര്‍’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് ചാര്‍ത്തപ്പെട്ടുകഴിഞ്ഞു.
130 മുതല്‍ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് മനുഷ്യഗ്രഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയൊന്നുമില്ല. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നിടത്ത് നമുക്ക് സങ്കല്പിക്കാന് കഴിയാത്തത്ര ഭീകരമായ നാശമുണ്ടാകും. അതിനാലാണ് ഇത്തരം ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളെ ‘സിറ്റി-കില്ലര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്റെ പതനം സംഭവിച്ചാല്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിന്റെ 100 മടങ്ങ് പ്രഹരശേഷിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. അതിനാലാണ് 2024 വൈആര്‍4 ഛിന്നഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ ആഗോള നോട്ടപ്പുള്ളിയായി ഇതിനകം മാറിയിരിക്കുന്നത്.
2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ 5.7 കിലോമീറ്റര്‍ പ്രദേശം പൂര്‍ണമായും ഇല്ലാതാകും. 19 കിലോമീറ്റര്‍ ദൂരെ വരെ നാശനഷ്ടങ്ങളുണ്ടാകാം. ചെറിയൊരു നഗരം തരിപ്പണമാക്കാന്‍ ഈയൊരു ഛിന്നഗ്രഹത്തിന് സാധിക്കുമെന്ന് ചുരുക്കം.
തുൻഗസ്ക സംഭവം
കൂടുതല്‍ വ്യക്തതയ്ക്കായി ഇനിയൊരു താരതമ്യത്തിലേക്ക് വരാം…1908ല്‍ 30-50 മീറ്റര്‍ വ്യാസമുണ്ടായിരുന്ന ഒരു ഛിന്നഗ്രഹം/വാല്‍നക്ഷത്രം റഷ്യക്ക് മുകളില്‍ ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന് അഗ്നിഗോളമായിരുന്നു. തുൻഗസ്ക സംഭവം എന്നാണ് ഈ പൊട്ടിത്തെറി അറിയപ്പെടുന്നത്. സൈബീരിയയിലെ തുന്‍ഗസ്ക വനപ്രദേശത്ത് ഭൂതലത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് വായുഘര്‍ഷണം കൊണ്ട് ഈ ഛിന്നഗ്രഹം/വാല്‍നക്ഷത്രം പൊട്ടിത്തെറിച്ചപ്പോള്‍ 400 കിലോമീറ്ററോളം വനപ്രദേശം കത്തിച്ചാമ്പലായി. 8 കോടി മരങ്ങള്‍ അന്ന് ഇല്ലാതായി. 1500 ഹീരോഷിമ ബോംബുകള്‍ക്ക് സമാനമായ ഊര്‍ജമാണ് ഈ ഛിന്നഗ്രഹ പൊട്ടിത്തെറി സൃഷ്ടിച്ചത് എന്നാണ് കണക്കാക്കുന്നത്.
ഇത്തരമൊരു ദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഇക്കാലത്ത് സംഭവിച്ചാലുണ്ടാകുന്ന പ്രത്യാഘാതം നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ പോലും കഴിയില്ല. അതിനാലാണ് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ബഹിരാകാശ വസ്തുക്കളെ ‘സിറ്റി-കില്ലര്‍’ എന്ന ഗണത്തില്‍പ്പെടുത്തുന്നത്. 2032ല്‍ ഭൂമിയില്‍ പതിച്ചേക്കാവുന്ന 2024 YR4 ഛിന്നഗ്രഹത്തിന്റെ ഇംപാട് സോണില്‍ ഈസ്റ്റേണ്‍ പസിഫിക്കും ലാറ്റിനമേരിക്കയും ആഫ്രിക്കയും അറ്റ്ലാന്‍ഡിക് സമുദ്രവും അറബിക്കടലും ദക്ഷണേഷ്യയുമുണ്ട് എന്നാണ് ഇപ്പോഴത്തെ അനുമാനം. ഛിന്നഗ്രഹം സമുദ്രത്തില്‍ പതിച്ചാല്‍ പോലും അത് സുനാമി സൃഷ്ടിക്കാനിടയുണ്ട് എന്ന യാഥാര്‍ഥ്യം ഭീതി കൂട്ടുന്നു.
കൂട്ടയിടി സാധ്യതയേറാം, കുറയാം
വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം മാത്രം സാധ്യതയാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സാധ്യത 2.3 ശതമാനത്തിലേക്ക് നാസ ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടക്കുന്ന മുറയ്ക്ക് ഛിന്നഗ്രഹത്തിന്റെ വലിപ്പത്തെയും ഭൂമിക്കുള്ള അപകട ഭീഷണിയെയും സഞ്ചാരപാതയെയും കുറിച്ച് കൃത്യത കൈവരും. ചിലിയിലെ ദൂരദര്‍ശിനിയില്‍ 2024 ഡിസംബറിലാണ് വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]