![](https://newskerala.net/wp-content/uploads/2025/02/light.1.3133957.jpg)
കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുറുപ്പന്തറയിലും, പാമ്പാടിയിലും, ഇന്നലെ തലയോലപ്പറമ്പ് പള്ളിയിലും മോഷണം നടന്നു.
പലയിടങ്ങളിലും ജനം ഭീതിയിലാണ്. ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളാണ് മിക്ക മോഷണങ്ങൾക്കും പിന്നിലും. ഇവർ ജാമ്യത്തിലിറങ്ങിയിട്ടും കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. കുറുപ്പന്തറയിൽ മോഷണം നടത്തിയ പ്രതി നിരവധി കേസുകളിൽ ശിക്ഷയനുഭവിച്ചതാണ്. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. മോഷണം തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണവും ശക്തമാണ്. ട്രെയിനുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മോഷണം നടത്തുന്ന സംഘവും സജീവമാണ്.
കണ്ണടച്ച് വിശ്വസിക്കരുത് ആരെയും
ജില്ലയിൽ വിവിധയിടങ്ങളിൽ വീട്ടുജോലി, ഹോംനഴ്സ് എന്നിങ്ങനെ വ്യാജരേഖയിലെത്തുന്നവർ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന സംഭവും ഏറുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമായവർ എന്നിവരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. പിടിയിലായവരിൽ ഏറെയും സ്ത്രീകളാണ്. ട്രെയിനുകളിൽ മൊബൈൽഫോൺ മോഷ്ടിക്കുന്നതിന് പിന്നിൽ അന്യസംസ്ഥാന സ്വദേശികളാണ്.
കരുതലാണ് പ്രധാനം
വീട് പൂട്ടി പുറത്ത് പോയാൽ വിവരം അയൽക്കാരെ അറിയിക്കണം
കൂടുതൽ ദിവസം നീണ്ടാൽ പൊലീസിനെ അറിയിക്കണം
പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം
കതകുകളും, ജനൽപ്പാളികളും കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കരുത്
”മോഷണങ്ങൾ പതിവായതോടെ വീട് പൂട്ടി എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതിയോടെയാണ് വീട്ടിനുള്ളിൽ കഴിയുന്നത്.
മാഞ്ഞൂർ നിവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]