![](https://newskerala.net/wp-content/uploads/2025/02/deepu-.1.3133954.jpg)
പത്തനംതിട്ട: ഒറ്റപ്പെടലിന്റെ വേദന തീർക്കാൻ നാല് വിവാഹം കഴിച്ച യുവാവിന് കെണിയായത് ഭാര്യമാരുടെ ഫേസ്ബുക്ക് സൗഹൃദം. രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്കിൽ സുഹൃത്തുക്കളായതോടെയാണ് യുവാവിന്റെ കള്ളക്കളി പൊളിഞ്ഞത്. അനാഥത്വത്തിന്റെ പേരും പറഞ്ഞാണ് യുവാവ് നാലോളം സ്ത്രീകളെ വിവാഹം കഴിച്ചത്. ഒടുവിൽ യുവതികളുടെ പരാതിയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ളാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പിനെ (36) കോന്നി പൊലീസ് ആണ് അകത്താക്കിയത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുള്ള സങ്കടം പറഞ്ഞാണ് ദീപു യുവതികളെ സമീപിക്കുക. കഥ കേട്ട് സങ്കടപ്പെടുന്നവരുടെ ആനുകൂല്യം മുതലാക്കി ദീപു വിവാഹക്കാര്യം എടുത്തിടും. ഇതായിരുന്നു പതിവായി സ്വീകരിച്ച തന്ത്രം. തുടർന്ന് കുറച്ച് കാലം ഒരുമിച്ച് ജീവിച്ച് ലൈംഗിക ആവശ്യങ്ങൾ കഴിഞ്ഞ് മറ്റൊരു ഇരയെ തേടിപ്പോകും.
പത്ത് വർഷം മുമ്പ് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ പത്ത് കൊല്ലം മുമ്പ് വിവാഹം കഴിച്ചായിരുന്നു തുടക്കം. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. തുടർന്ന് സ്വർണവും പണവും കൈക്കലാക്കി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. കുറച്ച് കാലങ്ങൾക്ക് ശേഷം കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്ന ദീപു കുറേക്കാലം ഒരുമിച്ച് താമസിച്ച ശേഷം സ്ഥലം വിട്ടു.
പിന്നീട് കുറച്ച് നാളത്തേക്ക് ശേഷമാണ് എറണാകുളത്തെത്തി മറ്റൊരു സ്ത്രിയുമായി അടുത്തത്. കുറച്ച് നാൾ അവരോടൊപ്പം കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്ക് വഴി ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്.
വിവാഹ മോചിതയായ ഇവരെ ആർത്തുങ്കലിൽ വച്ച് വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യ ഇപ്പോഴത്തെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുമായി ഫേസ്ബുക്ക് വഴി സൗഹൃദത്തിലായി. അപ്പോഴാണ് അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് മുൻഭർത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ എല്ലാ കള്ളക്കളികളും വിശദീകരിച്ചുകൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. ഇതിനെതുടർന്നാണ് ഇവർ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ പോലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. റിമാൻഡ് ചെയ്തു.