പ്രസിഡന്റ് ട്രംപിന്റെയും എലൺ മസ്കിന്റെയും ചെലവ് വെട്ടിച്ചുരുക്കലിന്റെ ഇരയായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ എയ്ഡ് (United States Agency for International Development) എന്ന USAID -യുടെ ചെലവ് കണക്കറ്റത്. അടച്ചുപൂട്ടുവെന്ന് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് പ്രഖ്യാപിച്ചു. USAID ഒരു ക്രിമിനൽ സംഘടനയെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു മസ്ക്. തെളിവില്ലാതെയാണ് ആരോപണങ്ങൾ. പക്ഷേ, ഏജൻസി അടച്ചു. കോടതി താൽകാലികമായി തടഞ്ഞിട്ടുണ്ട്. പക്ഷേ, താൽകാലികം മാത്രം.
എല്ലാം പെട്ടെന്നായിരുന്നു. സിറിയയിലെ 40,000 പേരുള്ള ഒരഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന USAID ജീവനക്കാർക്ക് പെട്ടെന്നൊരു സന്ദേശം കിട്ടി. എല്ലാം നിർത്തുക. അതുപോലെ മറ്റൊരു ക്യാമ്പിലും. വെള്ളവും സാനിറ്റേഷനും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു USAID -ന്റെ ദൗത്യം. അത് നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് ലോകമാകെയുള്ള ജീവനക്കാർക്ക് കമ്പ്യൂട്ടറുകളിൽ ലോഗിൻ പറ്റാതെയായി.
(യുഎസ് എയ്ഡ്സില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ എത്യോപ്യയിലെ സാൻസാലിമ ഐഡിപി ക്യാമ്പിലേക്ക് കൊണ്ടു പോകുന്നു. ചിത്രം ഗെറ്റി)
എയ്ഡ്സ് (AIDS) നിയന്ത്രണത്തിനായി പ്രവർത്തിച്ചിരുന്ന 2 ലക്ഷത്തിലധികം ഡോക്ടർമാർക്ക് പണിയില്ലാതെയായി. അതുപോലെ ലക്ഷങ്ങൾക്ക്… അതും വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്ക്. പദ്ധതികളും നിലച്ചു. തുടങ്ങിവച്ചതും പാതിയായതും അടക്കം. ചിലതിന് പിന്നെ ഇളവുകൾ കിട്ടി. പക്ഷേ, എത്രനാളേക്കെന്ന് വ്യകത്മാക്കി. അതാണ് USAID നിർത്തിയപ്പോൾ സംഭവിച്ചത്. ഉത്തരവ് മറികടക്കാൻ ശ്രമിച്ചാൽ കർശന നടപടി എന്നാണ് ഉത്തരവ്. നടപടിയുണ്ടാവുകയും ചെയ്തു.
1961 -ൽ സ്ഥാപിച്ച ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ എയ്ഡ്. അമേരിക്കൻ സർക്കാരിന് വേണ്ടി സഹായം എത്തിക്കുകയായിരുന്നു ദൗത്യം. 10,000 പേരുണ്ട് ജീവനക്കാർ. മൂന്നിൽ രണ്ടും വിദേശ രാജ്യങ്ങളിലാണ്. 60 ഓളം രാജ്യങ്ങളിൽ ആസ്ഥാനമുണ്ട്. പിന്നെയും പലയിടത്തും പ്രവർത്തനവും. USAID ഫണ്ട് ചെയ്യുന്ന മറ്റ് സംഘടനകളാണ് പലയിടത്തും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആരോഗ്യരംഗമാണ് പ്രധാന പ്രവർത്തനമേഖല. പോളിയോ വാക്സിനേഷൻ അതിൽ പ്രധാനവും.
ക്ഷാമസാധ്യത കണ്ടെത്തുന്ന ലോകത്തെ ഏറ്റവും മികച്ച സംവിധാനം USAID നാണ്. യുക്രെയ്നിലെ സൈനികർക്ക് കൃത്രിമ അവയവങ്ങൾ നൽകുന്നുത് USAID ആണ്. കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതും ആഫ്രിക്കയിലെ എബോള വ്യാപനം തടയുന്ന പ്രവർത്തനങ്ങളും USAID -ന്റെതാണ്. സർക്കാർ കണക്കനുസരിച്ച് 2023 -ൽ മാത്രം അമേരിക്ക USAID വഴി നൽകിയ സഹായം 68 ബില്യനാണ്. ലോകത്ത് തന്നെ ഏറ്റവും മുന്നിൽ. അമരേിക്കൻ സർക്കാരിന്റെ ആകെ ബജറ്റിന്റെ 0.6 ശതമാനം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താക്കൾ.
(യുഎസ് എയ്ഡ്സില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾക്കായി അഫ്ഗാനിസ്ഥാനില്‍ ക്യൂ നില്ക്കുന്നവര്. ചിത്രം ഗെറ്റി)
Read More: തകർന്ന് വീഴുന്ന അമേരിക്കന്‍ വിമാനങ്ങളും ട്രംപിന്റെ വിചിത്ര കണ്ടെത്തലും
ട്രംപിനും മസ്കിനും ചെലവാണ് പ്രശ്നം. അതും വിദേശരാജ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്നത് തീരെ ഇഷ്ടമല്ല. പാഴിക്കളയുന്നു എന്നാണ് ആരോപണം. അങ്ങനെയാണ് ഭരണമേറ്റ ഉടൻ ഒപ്പിട്ട എക്സിക്യൂട്ടിവ് ഓർഡർ വഴി എല്ലാ അന്താരാഷ്ട്ര സഹായവും താൽകാലികമായി നിർത്തിവച്ചത്. അതിൽ ചില പദ്ധതികൾ ട്രംപിന്റെ ആദ്യഭരണകാലത്ത് തുടങ്ങിയതായിരുന്നു, അതും നിർത്തി. പിന്നീട് മാനുഷിക സഹായത്തിന് ചില ഇളവുകൾ അനുവദിച്ചു. ചിലത് മാത്രം. പക്ഷേ, മറ്റെല്ലാം മുടങ്ങി. ദരിദ്രരാജ്യങ്ങൾക്ക് ശുദ്ധജല സംവിധാനം ഒരുക്കുന്ന പദ്ധതിയടക്കം. ട്രംപിനെപ്പോലെ തന്നെ മസ്കും ചില തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നുണ്ട്. യുക്രെയ്ൻ സന്ദർശിക്കാൻ വേണ്ടി ഹോളിവുഡ് താരങ്ങൾക്ക് പണം നൽകിയത് USAID ആണെന്ന വ്യാജ വീഡിയോ ഉൾപ്പടെ.
പക്ഷേ, ഈ നിരോധിക്കലിൽ ചെറുതല്ലാത്തൊരു പ്രശ്നമുണ്ട്. കോൺഗ്രസിന്റെ വിദേശ സഹായ നിയമം (Foreign Assistance Act) അനുസരിച്ച്. പ്രസിഡന്റ് ജോൺ എഫ് കെന്നഡി (John F. Kennedy) എക്സിക്യൂട്ടിവ് ഓർഡറിൽ ഒപ്പിട്ട് രൂപീകരിച്ച ഏജൻസിയാണ് USAID. 1998 -ൽ നിയമമനുസരിച്ച് എക്സിക്യൂട്ടിവ് ഏജൻസിയായി സ്ഥാനവും കിട്ടി. അതുകൊണ്ട് ട്രംപിന് എക്സിക്യൂട്ടിവ് ഉത്തരവ് വഴി എടുത്തുകളയാൻ പറ്റുന്ന സംവിധാനമല്ല USAID. അതിന് കോൺഗ്രസിന്റെ അനുമതി വേണം. ചട്ടം ഭേദഗതി ചെയ്യണം. രണ്ടുസഭകളിലും ചെറിയ മേൽക്കൈ മാത്രമുള്ള റിപബ്ലിക്കൻ പാർട്ടിക്ക് എളുപ്പമല്ല അത്. അതുകൊണ്ട് USAID -നെ വിദേശകാര്യ വകുപ്പിന്റെ ഭാഗമാക്കാൻ ആലോചിക്കുന്നു ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചെയ്തിരുന്നു അങ്ങനെ. USAID -ന്റെ 10,000 വരുന്ന ജീവനക്കാരെ വെട്ടിക്കുറക്കാനും ആലോചനയുണ്ട്.
(യുഎസ് എയ്ഡ്സില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ വെനിസ്വലയില്‍ എത്തിയപ്പോൾ. ചിത്രം ഗെറ്റി)
Read More: തീവ്ര വലതുപക്ഷത്തിന് വേണ്ടി മസ്ക്; അസ്വസ്ഥതയോടെ യൂറോപ്പ്
USAID ജീവനക്കാരെ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ച നടപടി, ഫെഡറൽ കോടതി താൽകാലികമായി തടഞ്ഞു. വിദേശത്തുള്ള USAID ജീവനക്കാരെല്ലാം ആശങ്കയിലാണ്. വെള്ളിയാഴ്ചയെന്ന സമയപരിധി കോടതി തടഞ്ഞെങ്കിലും ഇനിയെന്ത് എന്ന ആശങ്ക കടുത്തതാണ്. USAID സഹായം കൊണ്ട് മുന്നോട്ട് പോയിരുന്ന രാജ്യങ്ങളുടെ അവസ്ഥയും എന്താകുമെന്ന് പറയാനാവില്ല. രോഗം, ക്ഷാമം, സംഘർഷം, അക്രമം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാര്യങ്ങൾക്കായിരുന്നു സഹായം കിട്ടിയിരുന്നത്. അത് പെട്ടെന്നങ്ങ് ഇല്ലാതെയാവുമ്പോൾ മുന്നോട്ടുള്ള യാത്ര പ്രയാസമാവും എന്നതിൽ തർക്കമില്ല. അതേസമയം, 1998 മുതൽ തന്നെ USAID വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു എന്നാണ് റിപബ്ലിക്കൻ പക്ഷം. ചില USAID പദ്ധതികൾ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയിരുന്നില്ലെന്നതും വിഷയമാണ്. പക്ഷേ, അതിന് ഇതല്ല മാർഗം എന്നാണ് പൊതുപക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]