![](https://newskerala.net/wp-content/uploads/2025/02/fotojet-2025-02-11t065751.220_1200x630xt-1024x538.jpg)
കൊച്ചി: പാതി വില തട്ടിപ്പിൽ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതൽ കേസ്. 918 പേരിൽ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി.
തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ അനന്തുവിനെ ഇന്നലെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ അയച്ചത്. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നിലവിലെ അന്വേഷണസംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്.
കേരള ഗ്രാമ നിർമാണ സമിതി സെക്രട്ടറി സുരേഷ് ബാബുവിന്റെ പരാതിയിലാണ് കോഴിക്കോട് ഫറോഖ് പൊലീസ് എന്‍ജിഒ കോണ്‍ഫെഡറേഷൻ ചെയര്മാൻ ആനന്ദകുമാറിനും അനന്തുകൃഷ്ണനുമെതിരെ കേസെടുത്തത്. 918 ആളുകളിൽ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 918 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ പകുതി വിലയിൽ നൽകാമെന്നും ലാപ്ടോപും മറ്റു വീട്ടുപകരണങ്ങളും നൽകാമെന്നായിരുന്നു വാഗ്ദാനം. എൻജിഒ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകൾ സീഡ് സൊസൈറ്റികളിൽ അംഗങ്ങളായത്. ഇടുക്കിയിൽ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്റെ പിൻഗാമിയെന്നാണ് ആനന്ദകുമാർ വിശേഷിപ്പിച്ചിരുന്നത്.
പാതിവില തട്ടിപ്പിന്റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും എൻജിഒ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ എൻ ആനന്ദ കുമാറും മുൻ വനിത കമ്മീഷൻ അംഗം ജെ പ്രമീള ദേവിയും പങ്കെടുത്തിരുന്നു. കട്ടപ്പന, ചെറുതോണി, മൂന്നാർ എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് ആനന്ദകുമാർ പങ്കെടുത്തത്. ഇവരോടുള്ള വിശ്വാസമാണ് കൂടുതൽ പേരെ സീഡ് സൊസൈറ്റികളിലേക്ക് ആശ്രയിച്ചത്. കുടുംബശ്രീ ഭാരവാഹികൾക്കൊപ്പം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്ന വനിതകളെയും തെരഞ്ഞു പിടിച്ചാണ് പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റർമാരാക്കിയിരുന്നത്.
ആനന്ദകുമാർ ചെയർമാൻ സ്ഥാനം രാജിവെച്ചത് പലരും ഇപ്പോഴാണ് അറിയുന്നത്.ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്ദു കൃഷ്ണൻ, മുൻ കുമളി പഞ്ചായത്ത് പ്രസിഡൻറും സ്പിയാർഡ്സ് ചെയർപേഴ്സണുമായ ഷീബ സുരേഷ്, എൻജിഒ കോൺഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ് സുമ അനിൽകുമാറുമാണ് മറ്റ് പ്രതികൾ. കൂടുതൽ കേസുകളിൽ ആനന്ദകുമാർ പ്രതിയാകുമെന്നാണ് പൊലീസ് പറയുന്നത്.
മന്ത്രി കെ കൃഷ്ണകുട്ടിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്
പാതിവില തട്ടിപ്പിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പാലക്കാട് ചിറ്റൂരിലെ ഓഫീസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദൾ എസ് പ്രവർത്തകയുമായ പ്രീതിരാജനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് മാർച്ചു നടത്തി.
മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്താണ് ജനതാദൾ എസ് മണ്ഡലം കമ്മിറ്റി ഓഫീസ്. ഇവിടെ വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതതെന്നാണ് പ്രധാന ആരോപണം. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞാണ് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദൾ എസ് പ്രവ൪ത്തകയുമായ പ്രീതി രാജനെതിരെ ചിറ്റൂ൪ പൊലീസിന്റെ കേസ്. 44 പേരിൽ നിന്ന് നേരിട്ട് പണം വാങ്ങി സാമ്പത്തിക വഞ്ചന ചെയ്തുവെന്നാണ് എഫ്ഐആ൪.
ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും സമാന തട്ടിപ്പ് നടത്തിയത് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിന്റെ അറിവോടെയെന്നാണ് കോൺഗ്രസ് ആരോപണം.തട്ടിപ്പിനു നേതൃത്വം നൽകിയവരെ രക്ഷിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസ് നിരന്തരം ഇടപെടുകയാണെന്നും ആരോപണമുണ്ട്. അതേസമയം, ഓഫീസ് കേന്ദ്രീകരിച്ച് ഇടപാടുകൾ നടന്നിട്ടില്ലെന്നും വിഷയവുമായി ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]