കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി കൊല്ലം അഞ്ചല്‍ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ഹെൽസ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തിൽ തൊഴിൽ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്.
ഓൺലൈൻ വ്യാപരത്തിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയച്ചും പരിശീലനം നൽകിയും തട്ടിപ്പുകാർ യുവാവിന്റെ വിശ്വാസം പിടിച്ചു പറ്റി. തുടക്കത്തിൽ ചെറിയ തുകകൾ യുവാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു. തുടർന്നാണ് ലക്ഷ്യമിട്ട വൻ തട്ടിപ്പ് നടപ്പിലാക്കിയത്. ഡയമണ്ടിന്റെ വിവിധ മോഡലുകൾ ഓർഡർ ചെയ്ത് മറ്റൊരാൾക്ക് വിറ്റാൽ വൻ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിച്ച് പല തവണയായി പ്രതികൾ യുവാവിൽ നിന്നും പണം കൈക്കലാക്കി.
ബാങ്ക് അക്കൗണ്ടുകൾ വഴി പതിനാലര ലക്ഷത്തോളം രൂപയാണ് യുവാവ് അയച്ചു നൽകിയത്. പറഞ്ഞ പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. അഞ്ചൽ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ പേർ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അഞ്ചൽ ഉൾപ്പടെയുള്ള കിഴക്കൻ മലയോര മേഖലയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]