
ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും, സ്ത്രീധനം നേരിട്ടും അല്ലാതെയും ചോദിക്കുന്നവരും വാങ്ങുന്നവരും അനേകമുണ്ട്. ഡോ. ഷഹനയുടെ ആത്മഹത്യ നമ്മളാരും മറക്കാൻ ഇടയില്ല. പ്രണയിച്ച ആളുടെ വീട്ടിൽ നിന്നുതന്നെ സ്ത്രീധനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത്. എന്നാൽ, സ്ത്രീധനം ചോദിച്ച വീട്ടുകാരെ ഒരു പാഠം പഠിപ്പിച്ച യുവാവിന്റേയും യുവതിയുടേയും വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
ബനാറസിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ‘ബനാറസിൽ എന്തും നടക്കും’ എന്നാണ് ഈ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. അതിൽ രാത്രിയിൽ ഒരു സ്കൂട്ടറിൽ വിവാഹവേഷത്തിൽ പോകുന്ന യുവാവിനെയും യുവതിയേയുമാണ് കാണുന്നത്. എന്നാൽ, ഇന്ത്യാ ടൈംസ് അടക്കം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത് സ്ത്രീധന പ്രശ്നത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ ഒളിച്ചോടിപ്പോകുന്ന വരനും വധുവുമാണ് എന്നാണ്.
വീഡിയോ വൈറലായതിന് പിന്നാലെയാണ് അതിന് പിന്നിലെ കഥ ഇതാണ് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തെ കുറിച്ചുള്ള വലിയ ചർച്ചകളാണ് വീഡിയോ ഉയർത്തിയത്. ആ വധുവിനും വരനും എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ തീരുമാനം കേൾക്കാതെ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്ത യുവാവിനെ പലരും അഭിനന്ദിച്ചു. ഇന്ന് മിക്കവാറും ആളുകൾ വീട്ടുകാരുടെ വാക്ക് കേട്ട് സ്ത്രീധനത്തിന്റെ പിന്നാലെ പോയി തങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടികളെ ഉപേക്ഷിക്കാറുണ്ട്. അങ്ങനെയുള്ളവർ ഈ യുവാവിനെ കണ്ട് പഠിക്കണം എന്നും പലരും അഭിപ്രായപ്പെട്ടു.
ഇന്ത്യ എക്കാലവും നേരിടുന്ന സാമൂഹിക വിപത്തുകളിൽ ഒന്നാണ് സ്ത്രീധനം. നിരവധി സ്ത്രീകൾക്കാണ് ഇതിന്റെ പേരിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അതുപോലെ പീഡനം സഹിച്ച് മരിച്ചു ജീവിക്കുന്നവരും അനവധിയാണ്. എന്തായാലും, ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് പൂർണമായ സ്ഥിരീകരണമില്ലെങ്കിലും ആളുകൾ സ്ത്രീധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇത് കാരണമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Feb 11, 2024, 11:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]