
ഹൈദരാബാദ്: എഐ സിറ്റി, മറ്റ് സംസ്ഥാനങ്ങൾ അങ്ങനെയൊരാശയം ചിന്തിച്ചുതുടങ്ങുമ്പോൾ സംസ്ഥാന ബജറ്റിലൂടെ അത് യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന. പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഹൈദരാബാദിനെ ഇന്ത്യയുടെ ‘എഐ തലസ്ഥാനം’ ആക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്താകും രേവന്ത് റെഡ്ഡി സർക്കാരിന്റെ സ്വപ്ന പദ്ധതി സ്ഥാപിക്കുക.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച നിയമസഭയുടെയും കൗൺസിലിൻ്റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംസ്ഥാന ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് സർക്കാരിന്റെ നയം വ്യക്തമാക്കിയത്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് 100 ഏക്കർ ഭൂമി ഏറ്റെടുത്ത് എ ഐ സിറ്റി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും, ഇന്റർനെറ്റ് അടിസ്ഥാന അവകാശമാക്കുമെന്നും വ്യാഴാഴ്ച നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കപ്പെട്ട വോട്ട് ഓൺ അക്കൗണ്ട് ബജറ്റിൽ 53,196 കോടി രൂപ ആറ് ക്ഷേമപദ്ധതികൾക്ക് മാത്രമായി തെലങ്കാന സർക്കാർ വകയിരുത്തിയതും വമ്പൻ പ്രഖ്യാപനമായി. ആകെ 2,75,891 കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഇന്ന് അവതരിപ്പിച്ചത്. ഇതിൽ 2,01,178 കോടി രൂപ റവന്യൂ ചെലവാണ്. പഞ്ചായത്തീരാജ്, ജലസേചനം, പട്ടികജാതിവികസനം എന്നീ വകുപ്പുകളാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച പ്രധാന വകുപ്പുകൾ. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബജറ്റവതരണത്തിന് സഭയിലെത്തിയിരുന്നില്ല.
Last Updated Feb 10, 2024, 7:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]