
തിരുവനന്തപുരം: ജലജ് സക്സേന എന്ന പ്ലാന്‍ സക്സസായി! രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് നിരയുള്ള ബംഗാളിനെ കേരളം എറിഞ്ഞ് വിറപ്പിക്കുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റണ്‍സ് പിന്തുടരുന്ന ബംഗാള്‍ രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ 49 ഓവറില്‍ 172-8 എന്ന നിലയിലാണ്. കേരളത്തിന്റെ സ്കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ബംഗാള്‍ നിലവില്‍. ബംഗാളിന്റെ ഇന്ന് വീണ എട്ടില്‍ ഏഴ് വിക്കറ്റും പേരിലാക്കി സ്പിന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് കേരളത്തിന് മത്സരത്തില്‍ നിര്‍ണായക മേല്‍ക്കൈ സമ്മാനിച്ചത്.
സക്സേന സക്സസ്
മറുപടി ബാറ്റിംഗില്‍ രഞ്ജോത് സിംഗ് ഖാര്യയുടെ വിക്കറ്റാണ് ബംഗാളിന് ആദ്യം നഷ്ടമായത്. 19 പന്തില്‍ 6 റണ്‍സെടുത്ത ഖാര്യയെ നിധീഷ് എം ഡി മടക്കി. ഇതിന് ശേഷം ഇന്ന് വീണ ഏഴ് വിക്കറ്റുകളും പേരിലാക്കി ജലജ് സക്സേന ബംഗാളിനെ എറിഞ്ഞൊതുക്കുകയായിരുന്നു. അഭിമന്യു ഈശ്വരന് (93 പന്തില്‍ 72), സുദിപ് കുമാര്‍ ഖരാമി (79 പന്തില്‍ 33), ക്യാപ്റ്റന്‍ മനോജ് തിവാരി (17 പന്തില്‍ 6), വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരെല് (8 പന്തില്‍ 2), അനുസ്തുപ് മജുംദാര്‍ (2 പന്തില്‍ 0), ഷഹബാസ് അഹമ്മദ് (19 പന്തില്‍ 8), ആകാശ് ദീപ് (7 പന്തില്‍ 4) എന്നിങ്ങനെയാണ് ജലജ് സക്സേന പുറത്താക്കിയ ബംഗാള്‍ ബാറ്റര്‍മാരുടെ സ്കോറുകള്‍. രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ കരണ്‍ ലാലും (28 പന്തില്‍ 27*), സുരാജ് സിന്ധു ജയ്സ്വാളും (23 പന്തില്‍ 9*) ആണ് ബംഗാളിനായി ക്രീസിലുള്ളത്.
സച്ചിന്, അക്ഷയ് സെഞ്ചുറികള്‍
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സില്‍ 127.3 ഓവറില്‍ 363 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 265-4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 98 റണ്‍സ് കൂടിയെ ചേര്‍ക്കാനായുള്ളൂ. 261 പന്തില്‍ 124 റണ്‍സെടുത്ത സച്ചിന് ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആദ്യം നഷ്ടമായത്. സച്ചിന് ബേബി- അക്ഷയ് ചന്ദ്രന് സഖ്യം അഞ്ചാം വിക്കറ്റില്‍ 330 പന്തുകളില്‍ 179 റണ്‍സ് ചേര്‍ത്തത് കേരളത്തിന് കരുത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് (29 പന്തില്‍ 13), ശ്രേയസ് ഗോപാല്‍ (12 പന്തില്‍ 2) എന്നിവര്‍ വേഗം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന അക്ഷയ് ചന്ദ്രന് കേരളത്തിനായി അനിവാര്യമായ സെഞ്ചുറി പൂര്‍ത്തിയാക്കി. 222 പന്തില്‍ 106 റണ്‍സുമായി അക്ഷയ് എട്ടാമനായാണ് മടങ്ങിയത്. അക്ഷയ് ചന്ദ്രനെ ഷഹ്ബാസ് അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് ശേഷം വാലറ്റത്ത് ബേസില്‍ തമ്പിയും (40 പന്തില്‍ 20), ബേസില്‍ എന്‍പിയും (24 പന്തില്‍ 16) നടത്തിയ ശ്രമം കേരളത്തെ കാത്തു. 7 പന്തില്‍ 3 റണ്‍സുമായി നിധീഷ് എംഡി പുറത്താവാതെ നിന്നു.
മങ്ങി സഞ്ജു സാംസണ്
ആദ്യ ദിനം ഓപ്പണര്‍മാരായ രോഹന് എസ് കുന്നുമ്മല്‍ (21 പന്തില്‍ 19), ജലജ് സക്സേന (118 പന്തില്‍ 40), വണ്‍ഡൗണ്‍ ബാറ്റര്‍ രോഹന് പ്രേം (15 പന്തില്‍ 3), നായകന് സഞ്ജു സാംസണ് (17 പന്തില്‍ 8) എന്നിവരെ കേരളത്തിന് നഷ്ടമായിരുന്നു. ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് നാലും അങ്കിത് മിശ്ര മൂന്നും സുരാജ് സിന്ധു ജയ്സ്വാളും ആകാശ് ദീപും കരണ്‍ ലാലും ഓരോ വിക്കറ്റും വീഴ്ത്തി.
Last Updated Feb 10, 2024, 5:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]