ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിൽ അല്ലു അർജുന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ്. എല്ലാ ഞായറാഴ്ചയും പോലീസ് സ്റ്റേഷനിലെത്തണം, വിദേശയാത്രയ്ക്ക് വിലക്ക് തുടങ്ങിയ വ്യവസ്ഥകളിലാണ് ഇളവ് നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റേഷനിൽ ഹാജരാകണമെന്നതിൽ ഇളവ് നൽകിയത്.
അഭിഭാഷകന്റെ ആവശ്യപ്രകാരം വിദേശയാത്ര നടത്താനുള്ള അനുമതിയും കോടതി നൽകി. കഴിഞ്ഞ ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബർ 13ന് അല്ലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്നിനാണ് ജാമ്യം ലഭിക്കുന്നത്. ആവശ്യാനുസരണം മാത്രം അല്ലുവിന് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് മുൻപിൽ ഹാജരായാൽ മതി.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ശേഷം വിദേശയാത്ര നടത്താനും കോടതി അനുമതി നൽകി. ഓരോ യാത്രയുടെയും യാത്ര ഷെഡ്യൂൾ എസ്എച്ച്ഒയെ അറിയിക്കാനും കുറ്റപത്രം സമർപ്പിക്കുന്നത് വരെ ഏത് വിദേശ രാജ്യത്തായാലും താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ നൽകാനും അല്ലുവിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു അപകടം നടന്നത്. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി എത്തിയതോടെ ജനം തള്ളിക്കയറുകയായിരുന്നു. രേവതി സംഭവ ദിവസം തന്നെ മരിച്ചു. രേവതിയുടെ മകൻ ശ്രീതേജയ്ക്കും പരിക്കേറ്റിരുന്നു. കുട്ടി ഇപ്പോഴും ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.