തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ അനാവശ്യമാണെന്ന് ശശി തരൂർ എം പി. ആദ്യം കെട്ടിട നിർമാണം പൂർത്തിയാകട്ടെയെന്നും എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസായി ബാല ശതാബ്ദിയാഘോഷത്തിൽ സംസാരിക്കവേയാണ് കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഇത്തരം ചർച്ചകൾ അനാവശ്യമായതിനാൽത്തന്നെയാണ് തന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാകാത്തതെന്നും ശശി തരൂർ വ്യക്തമാക്കി. കോൺഗ്രസ് മുതിർന്ന നേതാക്കളായ കെ.സുധാകരൻ, വി.ഡി സതീശൻ, ശശി തരൂർ, കെ. മുരളീധരൻ, കെ. സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ പേരുകളെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കൾക്കിടയിൽ ഇപ്പോഴേ കലഹം തുടങ്ങിയോ എന്ന ചോദ്യത്തിന് ആ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നായിരുന്നു രമേശ് ചെന്നിത്തല കേരള കൗമുദിയോട് പറഞ്ഞത്. ഈ നേതാക്കളുടെയെല്ലാം പ്രവർത്തനം പാർട്ടിക്ക് അനിവാര്യമാണ്. ഒരാളെയും മാറ്റിനിറുത്തണമെന്ന അഭിപ്രായം തനിക്കില്ല. പാർട്ടി ഒറ്റക്കെട്ടായിട്ട് പോകേണ്ട സമയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉടനുണ്ടാകും. അവിടെ സാധാരണ പ്രവർത്തകൻ മത്സരിച്ച് ജയിക്കേണ്ടതാണ്. 2010ൽ ഞാൻ കെ പി സി സി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള ചരിത്രത്തിൽ കോൺഗ്രസിനും യു ഡി എഫിനും കിട്ടിയ ഏറ്റവും വലിയ വിജയമുണ്ടായത്. അന്ന് കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായാണ് അങ്ങനെയൊരു വിജയമുണ്ടായതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]