
.news-body p a {width: auto;float: none;}
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് രാജ്യത്തുളളവർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത് നൂറ്റാണ്ടുകളുടെ ത്യാഗമായാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. എക്സിലൂടെയാണ് മോദി പ്രതികരിച്ചത്. രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങളുകൾ കഴിഞ്ഞ വർഷം ജനുവരി 22ന് വലിയ ആഘോഷത്തോടെയാണ് നടത്തിയത്. ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിച്ചതും മോദിയായിരുന്നു.
‘പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിൽ വൻ ഭക്തജനപ്രവാഹമാണ് ഉണ്ടാകുന്നത്.
ഇന്ത്യക്കാർക്ക് എല്ലാവിധ ആശംസകളും നേരുന്നു. രാമക്ഷേത്രം നൂറ്റാണ്ടുകളായുളള ത്യാഗത്തിന്റെയും തപസിന്റെയും പോരാട്ടത്തിന്റെയും ഫലമാണ്. ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകമാണ്. ഇന്ത്യയുടെ വികസനം സാക്ഷാൽകരിക്കുന്നതിന് രാമക്ഷേത്രം പ്രചോദനമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’- മോദി എക്സിൽ കുറിച്ചു.
അതേസമയം, പ്രാണപ്രതിഷ്ഠയുടെ ഒന്നാംവാർഷികാഘോഷങ്ങൾ ഇന്ന് മുതൽ ജനുവരി 13 വരെയാണ് നടക്കുക. കഴിഞ്ഞ വർഷം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ 110 പ്രമുഖരെയും സാധാരണ ജനങ്ങളെയും ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഉദ്ഘാടനവും രാംലല്ലയുടെ അഭിഷേകവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും. പ്രതിഷ്ഠാ വാർഷികത്തിന്റെ ആദ്യദിവസമായ ഇന്ന് രാംലല്ലയെ പിതാംബരി (മഞ്ഞ ഉടയാട) അണിയിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം, വെള്ളി നൂലുകളിലുളള ഉടയാട ഡൽഹിയിലാണ് ഒരുക്കിയത്. ഒരേസമയം 5000ൽ അധികം ഭക്തർക്കുവരെ ചടങ്ങിൽ പങ്കെടുക്കാനായി ജർമൻ ഹാംഗർ ടെന്റ് സ്ഥാപിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]