കൊല്ലം: പൊലീസ് ആസ്ഥാനത്തെ ചീഫ് സ്റ്റോറിൽ നിന്ന് മതിയായ അളവിൽ പേപ്പർ ലഭിക്കാത്തതിനാൽ പൊലീസ് സ്റ്റേഷനുകളിൽ കേസെഴുതാനുള്ള വെള്ളക്കടലാസിന് ക്ഷാമം. പേപ്പർ കിട്ടാതെ പൊലീസ് വലയാൻ തുടങ്ങിയിട്ട് ഒരു വർഷമായി.
ചില സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിലാണ് പേപ്പർ വാങ്ങുന്നത്. പരാതിക്കാരോടും പ്രതികളോടും മൊഴി രേഖപ്പെടുത്താനുള്ള പേപ്പർ വാങ്ങി നൽകാൻ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. ക്ഷാമം രൂക്ഷമായതോടെ പൊലീസ് സൊസൈറ്റി ജില്ലയിലെ എല്ലാ സ്റ്റേഷനുകൾക്കും അഞ്ച് സെറ്റ് ഫോട്ടോ കോപ്പി പേപ്പർ അടുത്തിടെ വാങ്ങിനൽകിയിരുന്നു.
പുതുവത്സരവും ക്രിസ്മസും പ്രമാണിച്ച് നടന്ന പ്രത്യേക ഡ്രൈവിന്റെ കേസുകൾ എഴുതി ഈ പേപ്പറും തീർന്നു. വാഹന പരിശോധന, പട്രോളിംഗ് എന്നിവയുടെ ഭാഗമായി പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽ ഒരെണ്ണം എഴുതാൻ തന്നെ കുറഞ്ഞത് 12 പേപ്പർ വേണം. സ്റ്റേഷനുകളിൽ സൂക്ഷിക്കാനും പ്രതികൾക്കും കോടതിയിൽ നൽകാനും അടക്കമുള്ള പകർപ്പുകളും എടുക്കണം. ഒരു സ്റ്റേഷനിൽ സ്വമേധയാ എടുക്കുന്ന കേസുകൾ, ദിവസം കുറഞ്ഞത് പത്തെണ്ണമെങ്കിലും ഉണ്ടാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊലപാതകം, കൊലപാതക ശ്രമം, വമ്പൻ കവർച്ച അടക്കമുള്ള വലിയ കേസുകൾക്ക് ചിലപ്പോൾ 100 മുതൽ 300 പേപ്പർ വരെ വേണ്ടിവരും. പ്രതികൾ കൂടുതലുള്ള കേസുകളാണെങ്കിൽ അത്രയും പകർപ്പും വേണ്ടിവരും. പേപ്പർ ക്ഷാമം കാരണം പല സ്റ്റേഷനുകളിലും സ്വമേധയാ എടുക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗവ. പ്രസ് ടെണ്ടർ ക്ഷണിച്ചാണ് പൊലീസ് ചീഫ് സ്റ്റോറിന് പേപ്പർ കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പേപ്പർ ക്ഷാമത്തിന്റെ കാരണമെന്നാണ് സൂചന.