ലണ്ടൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി സിംഗപ്പൂർ.
ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്ണേഴ്സ് ഇമിഗ്രേഷൻ കൺസൾട്ടൻസി പുറത്തുവിട്ട 2025ലെ റിപ്പോർട്ടിലാണ് സിംഗപ്പൂർ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷവും സിംഗപ്പൂരിനായിരുന്നു ഒന്നാമത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്ക് പ്രകാരമുള്ള 199 പാസ്പോർട്ടുകളെയും 227 ട്രാവൽ ഡെസ്റ്റിനേഷനുകളെയും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് ആഗോളതലത്തിൽ 195 ഇടങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. 193 ഇടങ്ങളിൽ വിസാ രഹിത പ്രവേശനമുള്ള ജപ്പാനാണ് രണ്ടാമത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങൾ നാലാം സ്ഥാനവും നേടി. പട്ടികയിൽ 85 -ാം സ്ഥാനത്താണ് ഇന്ത്യ. 57 ഇടങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടിന് വിസയില്ലാതെ പ്രവേശിക്കാം. ഇക്വറ്റോറിയൽ ഗിനി, നൈജർ എന്നിവയും ഇന്ത്യയ്ക്കൊപ്പം 85 -ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ.