വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ സർവനാശം വിതച്ച് ശമനമില്ലാതെ കാട്ടുതീ. മരണം 10 ആയി. വീടും സമ്പാദ്യവും ഉപേക്ഷിച്ച് ജനം
ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്. 10,000 ത്തിലേറെ കെട്ടിടങ്ങൾ ഇതുവരെ നശിച്ചു. അഞ്ച് പള്ളികളും ഒരു സിനഗോഗും ഏഴ് സ്കൂളുകളും രണ്ട് ലൈബ്രറികളും ഇതിൽപ്പെടുന്നു. ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ ഏകദേശം 36,000 ഏക്കറിലേറെ പ്രദേശം ചുട്ടെരിച്ചു.
പസഫിക് പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന, സിൽമർ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ കാട്ടുതീ സജീവം. ഹോളിവുഡ് ഹിൽസിൽ പടർന്ന കാട്ടുതീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. വരണ്ട കാറ്റ് ശക്തി പ്രാപിക്കുമെന്നതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇന്നലെ ലോസ് ആഞ്ചലസ്, വെഞ്ചുറ പ്രവിശ്യകളിലുണ്ടായ കാട്ടുതീയ്ക്ക് കാരണം മനുഷ്യ ഇടപെടലാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മനപ്പൂർവ്വമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ വ്യാപക മോഷണവും ദുരന്ത ബാധിത മേഖലകളിൽ റിപ്പോർട്ട് ചെയ്തു. 20ഓളം പേർ അറസ്റ്റിലായി. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ നാശം
ലോസ് ആഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീ
മരണം………..10
കത്തിനശിച്ച കെട്ടിടങ്ങൾ10,000
നശിച്ച പ്രദേശം ……… 36,000 ഏക്കർ
ഒഴിപ്പിച്ചവർ………. 1,80,000
നാശനഷ്ടം…………..13,500 കോടി ഡോളർ – 15,000 കോടി ഡോളർ (ഏകദേശ കണക്ക്)
5 ഇടങ്ങളിൽ
പാലിസേഡ്സ്, ഈറ്റൺ, കെന്നത്ത്, ഹർസ്റ്റ്, ലിഡിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന 5 കാട്ടുതീകളാണ് നിലവിൽ സജീവമായി തുടരുന്നത്.
1. പാലിസേഡ്സ് – പസഫിക് പാലിസേഡ്സിൽ 20,000 ഏക്കറിൽ കത്തുന്നു. ചൊവ്വാഴ്ച തുടങ്ങി. നിയന്ത്രണ വിധേയാക്കിയത് 6 % മാത്രം
2. ഈറ്റൺ – ആൾട്ടഡീന, പാസഡീന മേഖലകളിൽ 14,000 ഏക്കർ പ്രദേശം നശിപ്പിച്ചു. നിയന്ത്രണാതീതം
3. കെന്നത്ത് – ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളിലായി 960 ഏക്കറിൽ. ഇന്നലെ തുടങ്ങി. 35% തീയണച്ചു
4. ഹർസ്റ്റ് -സിൽമർ മേഖലയിൽ 800 ഏക്കറിൽ സജീവം. 37% നിയന്ത്രണവിധേയം
5. ലിഡിയ – ആക്ടൺ പട്ടണത്തിലെ 400 ഏക്കർ പ്രദേശത്ത്. 75% നിയന്ത്രിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിറച്ച് ഹോളിവുഡ്
കാട്ടുതീ ഹോളിവുഡ് സിനിമാ ലോകത്തെ സ്തംഭിപ്പിച്ചു. വ്യാഴാഴ്ച ഹോളിവുഡ് സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായ ഹോളിവുഡ് ഹിൽസിലുണ്ടായ കാട്ടുതീ ഇന്നലെ നിയന്ത്രണവിധേയമാക്കി. ഹോളിവുഡ് ഹിൽസിൽ ഏർപ്പെടുത്തിയ ഒഴിപ്പിക്കൽ നിർദ്ദേശം പിൻവലിച്ചു. ഇവിടെ 50 ഏക്കറോളം നശിച്ചു.
ഹോളിവുഡിലെ സൺസെറ്റ് ബുലവാർഡിലെ ഒട്ടുമിക്ക കെട്ടിടങ്ങളും നശിച്ചു. സിനിമാ പ്രദർശനങ്ങൾ നിറുത്തി. 31-ാമത് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നോമിനേഷൻ ചടങ്ങ് റദ്ദാക്കി. പകരം, നോമിനേഷനുകൾ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു.
ഹാക്ക്സ്, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ ടെലിവിഷൻ സീരീസുകളുടെയും ഷോകളുടെയും ചിത്രീകരണം നിറുത്തിവച്ചു. മൗണ്ട് ലീയിലെ പ്രശസ്തമായ ഹോളിവുഡ് ചിഹ്നം കത്തിയെന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെതിരെ അധികൃതർ രംഗത്തെത്തി.
മാലിബു, പസഫിക് പാലിസേഡ്സ് മേഖലകളിലുള്ള കോടികൾ വിലമതിക്കുന്ന ആഡംബര വീടുകൾ കത്തിയമർന്നു. മെൽ ഗിബ്സൺ, ജെഫ് ബ്രിഡ്ജ്സ്, ആന്റണി ഹോപ്കിൻസ്, പാരീസ് ഹിൽട്ടൺ, അന്ന ഫാരിസ്, മിലോ വെന്റിമിഗ്ലിയ തുടങ്ങി ഡസൻകണക്കിന് ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളും ഇക്കൂട്ടത്തിൽപ്പെടുന്നു. യു.എസ് നീന്തൽ താരം ഗാരി ഹാൾ ജൂനിയറിന്റെ വീടും അഞ്ച് സ്വർണ മെഡലുകൾ അടക്കം 10 ഒളിമ്പിക് മെഡലുകളും നശിച്ചു.