
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് തീരുമാനത്തിൽ നിരാശ അറിയിച്ച് പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. തീരുമാനം നിരവധി പാർട്ടി പ്രവർത്തകരുടെ ഹൃദയം തകർത്തു. തീരുമാനം വളരെ വേദനാജനകമാണ്. ചില വ്യക്തികളുടെ പങ്കാണ് പാർട്ടി ഇത്തരത്തിൽ തീരുമാനം എടുക്കാൻ ഇടയാക്കിയത്. കോൺഗ്രസ് ശ്രീരാമനും ഹിന്ദുക്കൾക്ക് എതിരല്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു. (ram temple acharya pramod)
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ക്ഷണം കോൺഗ്രസ് നിരസിച്ചു. ചടങ്ങ് ആർഎസ്എസ്-ബിജെപി പരിപാടിയാണെന്നും ആദരവോടെ ക്ഷണം നിരസിക്കുന്നു എന്നും കോൺഗ്രസ് പറഞ്ഞു. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്നും കോൺഗ്രസ് വിമർശിച്ചു. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്.
Read Also:
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് എൻഎസ്എസ് പറഞ്ഞു. പങ്കെടുക്കേണ്ടത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ്. പങ്കെടുക്കുന്നതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും ജി സുകുമാരൻ നായർ വാർത്താ കുറിപ്പിൽ പറഞ്ഞു.
എൻഎസ്എസ് നിലപാടിനെ കെ സുരേന്ദ്രൻ അഭിനന്ദിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എൻഎസ്എസിനെ അഭിനന്ദിച്ച് സുരേന്ദ്രൻ രംഗത്തുവന്നത്. വ്യക്തതയുള്ള നിലപാടാണ് ഇതെന്ന് സുരേന്ദ്രൻ കുറിച്ചു. ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നത്. ഐക്യം ശക്തിപ്പെടുത്തുന്നത്. അഭിമാനം എൻ. എസ്. എസ് എന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിൻ്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിൻ്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: ram temple acharya pramod krishnan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]