
ആലപ്പുഴ: സിപിഎം കളര്‍കോട് ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ബിഎംഎസ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് പതിനൊന്നര വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലങ്കില്‍ ആറു മാസം കൂടെ കഠിന തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ പറയുന്നു. അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ ചിറമുറിക്കല്‍ വീട്ടില്‍ ഷാജി എന്ന ഷാമോന്, ഇരവുകാട് വാര്‍ഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഉണ്ണി എന്ന അഖില്‍, ഇരവുകാട് മറുതാച്ചിക്കല്‍ വീട്ടില്‍ ഉണ്ണി, ഇരവുകാട് വാര്‍ഡില്‍ കൊമ്പത്താംപറമ്പില്‍ വീട്ടില്‍ കരടി അജയന് എന്ന അജയന്, കിഴക്കേ കണ്ടത്തില്‍ ശ്യാംകുട്ടന്‍ എന്ന ശരത് ബാബു, കുതിരപ്പന്തി വാര്‍ഡില്‍ ഉമ്മാപറമ്പില്‍ ചെറുക്കപ്പന്‍ എന്ന അരുണ്‍, കുതിരപ്പന്തി വാര്‍ഡില്‍ ചിറമുറിക്കല്‍ വീട്ടില്‍ മഹേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2013 ഫെബ്രുവരി 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത ബന്ധുവിന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങില്‍ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ എത്തിയതായിരുന്നു ഗിരീഷ്. ചടങ്ങ് നടന്ന വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. മാരകമായി പരുക്കേറ്റ ഗിരീഷിന്റെ ഇടതു കൈയും കാലും വെട്ടേറ്റ് അറ്റുപോയിരുന്നു. തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നു. തുടര്‍ന്ന് മരിച്ചെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ചികില്‍സയിലാണ് ഗിരീഷിന്റെ ജീവന് രക്ഷിക്കാനായത്.
ഇരവുകാട് ബൈപ്പാസ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ-മയക്കുമരുന്നു വ്യാപാരത്തിനും ഉപഭോഗത്തിനുമെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ക്യാമ്പയിന് നടത്തിയതിന്റെ പ്രതികാരമായിരുന്നു അക്രമമെന്നും പ്രതികള്‍ക്ക് മയക്കുമരുന്ന മാഫിയയുമായി ബന്ധം ഉണ്ടെന്നുമാണ് പ്രോസിക്യൂഷന് വാദം. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രകടനത്തിനും യോഗത്തിനും ഗിരീഷ് നേതൃത്വം നല്‍കിയതാണ് ഗിരീഷിനെ ആക്രമിക്കാന്‍ കാരണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്എ ശ്രീമോന് ഹാജരായി.
Last Updated Jan 10, 2024, 8:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]