
മൊഹാലി – ഇശാന് കിഷനെയും ശ്രേയസ് അയ്യരെയും അച്ചടക്കലംഘനത്തിന്റെ പേരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന വാര്‍ത്ത കോച്ച് രാഹുല്‍ ദ്രാവിഡ് നിഷേധിച്ചു. ശ്രേയസിനെ ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്. ഇശാന് ടീമില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. കളിക്കാന്‍ തയാറാവുമ്പോള്‍ ആഭ്യന്തര മത്സരം കളിക്കണം. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് സ്വയം സന്നദ്ധമാവണം – കോച്ച് പറഞ്ഞു.
ശ്രേയസ് ദക്ഷിണാഫ്രിക്കയിലും ട്വന്റി20 കളിച്ചിരുന്നില്ല. മികച്ച കളിക്കാരനാണ് ശ്രേയസ്. എന്നാല്‍ എല്ലാവരെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്താനാവില്ല. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണെന്ന വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല -ദ്രാവിഡ് വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇശാന് അവധി ചോദിച്ചിരുന്നു. ബി.സി.സി.ഐ അനുവദിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഇശാന് ക്ഷീണമാണെന്ന് പറഞ്ഞ് വിട്ടുനില്‍ക്കുകയാണ്. അതിനിടെ ദുബായില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയൊ വ്യാപകമായി പ്രചരിച്ചു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസാന നിമിഷം ഇശാന് പിന്മാറിയപ്പോള് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് ബി.സി.സി.ഐ വെളിപ്പെടുത്തിയത്. പകരം കെ.എസ് ഭരതിനെ ടീമിലുള്‍പെടുത്തി. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് കീപ്പര്‍മാര്‍.
ദുബായില്‍ ആഘോഷത്തില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത ബി.സി.സി.ഐയെ ചൊടിപ്പിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹോദരന്റെ ജന്മദിന ആഘോഷമായിരുന്നു അതെന്ന് പിന്നീട് വിശദീകരണം വന്നു. വിട്ടുനില്‍ക്കുന്ന കളിക്കാരന് എന്ത് ചെയ്യുന്നുവെന്നത് ബി.സി.സി.ഐ ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് കളിക്കാരനുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. എന്നാല്‍ ഇശാന് കളിയില്‍ താല്പര്യം നഷ്ടപ്പെട്ടുവെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. പ്രത്യേകിച്ചും ട്വന്റി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്നത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അത്യുജ്വല പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ തിരിച്ചുവരവ് പ്രയാസമാവും.