
ന്യൂഡൽഹി: പേയിങ് ഗസ്റ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ താഴേക്ക് വീണ് മരിച്ചു. ഡൽഹി രോഹിണിയിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥികളായ ഇഷാൻ, ഹർഷ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.10ഓടെയാണ് സംഭവം സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചത്.
കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വിദ്യാർത്ഥികൾ താഴെ വീണു മരിച്ചു എന്നാണ് കെഎൻകെ മാർഗ് പൊലീസ് സ്റ്റേഷനിൽ ആദ്യം വിവരം ലഭിച്ചത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് പേയിങ് ഗസ്റ്റുകളായി ഒരു മുറിയിയിൽ താമസിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ മുറിയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു.
ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട മരണമാണെന്നാണ് അനുമാനം. രണ്ട് മാസം മുമ്പാണ് വിദ്യാർത്ഥികൾ ഇവിടേക്ക് താമസം മാറിയത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ ഏതാനും സുഹൃത്തുക്കളും സ്ഥലത്തെത്തി. രാത്രി എന്താണ് സംഭവിച്ചതെന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
സുഹൃത്തുക്കൾ തമ്മിൽ തമാശയ്ക്ക് അടിപിടിയുണ്ടാക്കിയെന്നും അതിനിടയിൽ രണ്ട് പേർ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് മൃതദേഹം അയച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]